വിളംബരം നടന്നു, ദുബായിൽ ഇത്തവണയും തൃശ്ശൂർ പൂരം ഗംഭീരമായി തന്നെ.
ദുബായ്: വിസ്മയം തീർക്കാൻ ദുബായ് ഒരിക്കൽക്കൂടി പൂരപ്പറമ്പ് ആകുന്നു. മ്മടെ തൃശ്ശൂർ യു എ ഇ യുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 17 ആം തീയതി നടത്തുന്ന 'മ്മടെ തൃശ്ശൂർ പൂരം 2021' ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലാണ് ആഘോഷങ്ങൾ നടക്കുന്നത്. തേക്കിൻകാട് മൈതാനത്തെ അനുസ്മരിപ്പിക്കും വിധം ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിനെ പൂരപ്പറമ്പ് ആക്കാൻ ഉള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞെന്ന് മ്മടെ തൃശ്ശൂർ കൂട്ടായ്മ പ്രസിഡണ്ട് രാജേഷ് മേനോൻ, സെക്രട്ടറി ശശീന്ദ്രൻ, ട്രഷറർ സമീർ മുഹമ്മദ് എന്നിവർ അറിയിച്ചു.
മേളത്രയങ്ങൾ പത്മശ്രീ പെരുവനം കുട്ടൻ മാരാരും, കേളത്ത് അരവിന്ദാക്ഷൻ മാരാരും, പെരുവനം സതീശൻ മാരാരും ചേർന്നുള്ള ഇലഞ്ഞിത്തറമേളം പ്രധാന ആകർഷണമാകും. കരിയന്നൂർ സഹോദരങ്ങളുടെ നാദസ്വരം, ശിങ്കാരിമേളം, തൃശ്ശൂർ കോട്ടപ്പുറം ദേശത്തിന്റെ പുലിക്കളി, കാവടി, താലപ്പൊലി, കേരളത്തിലെ നാടൻ കലാരൂപങ്ങൾ കോർത്തിണക്കിയ വർണപ്പകിട്ടേറിയ ഘോഷയാത്രയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൃശ്ശൂർ പൂരത്തിന്റെ തനിമയായ എഴുന്നള്ളിപ്പിനും കുടമാറ്റത്തിനും പുറമെ നാദതാളലയ വിസ്മയങ്ങളുടെ വെടിക്കെട്ട് തീർക്കാൻ തൈക്കുടം ബ്രിഡ്ജിന്റെ പ്രകടനവും ഉണ്ടായിരിക്കും.
തേക്കിൻകാട് മൈതാനത്തെ അനുസ്മരിപ്പിക്കും വിധം ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിനെ പൂരപ്പറമ്പ് ആക്കാൻ ഉള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞെന്നും, പൂരം ജനകീയമാക്കാൻ ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നും പൂരപ്പറമ്പിലേക്ക് രാവിലെ 10 മണി മുതൽ രാത്രി12 മണി വരെ ഓരോ മണിക്കൂറിലും സൗജന്യ ഷട്ടിൽ ബസ് സർവീസും, അബുദാബിയിൽ നിന്ന് നാല് സൗജന്യ ബസ് സർവീസുകളും ഉണ്ടാകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയികൾക്ക് ഭീമ ജ്വല്ലറി, ആനക്കാർട്ട്.കോം, നിക്കായ് തുടങ്ങി മറ്റനവധി സ്പോൺസർമാരുടെ വക സ്വർണനാണയങ്ങളും, വിമാനയാത്ര ടിക്കറ്റുകളും, 65 ഇഞ്ച് സ്മാർട്ട് ടെലിവിഷൻ ഉൾപ്പെടെയുള്ള മറ്റനവധി സമ്മാനങ്ങളുമായി മുമ്പൊരിക്കലും കാണാത്ത ഒരു അതിശയ പൂരം ആണിതെന്ന് 'മ്മടെ തൃശ്ശൂർ' കൂട്ടായ്മ എക്സിക്യൂട്ടീവുകളായ ബാലു തറയിൽ, ലദീപ് സുബ്രഹ്മണ്യൻ, ദിനേശ് ബാബു, അനൂപ് അനിൽ ദേവൻ, ജെ കെ ഗുരുവായൂർ, സുനിൽ ഗംഗാധരൻ, ദിൽന ദിനേഷ്, അസ്സി ചന്ദ്രൻ, നിസാം അബ്ദു, സജിത്ത് ശ്രീധരൻ, അജിത് കുമാർ, വിവേക് വിശ്വനാഥൻ, സന്ദീപ് പഴേരി, രാഹുൽ മുരളി, ബസന്ത് കണ്ണോളി, രശ്മി രാജേഷ്, ഇക്വിറ്റി പ്ലസ് മാനേജിങ് ഡയറക്ടർ ജൂബി കുരുവിള എന്നിവർ അറിയിച്ചു.
ആനക്കാർട്ട്.കോം മെഗാ ലോഞ്ചിംഗ് പൂര വേദിയിൽ നടക്കുമെന്ന് രാജേഷ് മേനോനും, ജൂബി കുരുവിളയും ചേർന്ന് അറിയിച്ചു. മ്മടെ തൃശ്ശൂർ കൂട്ടായ്മ അംഗങ്ങൾ തയ്യാറാക്കിയ കുട്ടി സ്റ്റോറി പുസ്തകപ്രകാശനവും, മ്മടെ മുത്തശ്ശിക്കഥ മത്സരവിജയി പ്രഖ്യാപനവും പൂരവേദിയിൽ നടത്തുന്നതാണെന്ന് ചീഫ് എഡിറ്റർ ജെ കെ ഗുരുവായൂർ അറിയിച്ചു. മ്മടെ ജനകീയ പൂരത്തിനു മാറ്റുകൂട്ടുവാൻ യു എ ഇ യിലെ ഒട്ടനവധി പ്രവാസി സംഘടനകൾ പിന്തുണ നൽകുന്നുണ്ടെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രവേശന പാസ്സ് ലഭിക്കുവാൻ - www.ticketmagic.me എന്ന വെബ്സൈറ്റ് സന്ദർശിക്കുക, കൂടാതെ 0586308671,
0505451623, 0506407705 എന്നീ മൊബൈൽ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.