4 ജിബി സിനിമ ഡൗൺലോഡ് ചെയ്യാൻ സിംഗപ്പൂരിൽ 2 മിനിറ്റും 55 സെക്കൻ്റും, ഇന്ത്യയിൽ 12 മിനിറ്റും 10 സെക്കൻ്റും.

മൊബൈൽ ബ്രോഡ്ബാൻഡ് കണക്ഷൻ്റെ ചെലവ്, വേഗത എന്നിവയെക്കുറിച്ചുള്ള സർവേ ഫലങ്ങൾ പുറത്ത്. ഇതു പ്രകാരം കണക്ഷന് ലോകത്ത് ഏറ്റവും ചെലവ് കുറവ് ഇസ്രായേലിലാണ്. യൂറോപ്പ് ആസ്ഥാനമായ ടെലികോം കമ്പനി മെലിറ്റ നടത്തിയ സർവേയിലാണ് ഈ വെളിപ്പെടുത്തൽ. ഒരു ജിബി ഡാറ്റക്ക് 0.05 ഡോളറാണ് ഇസ്രായേലിൽ ശരാശരി പ്രതിമാസ ചെലവ്. സെക്കൻ്റിൽ 35.98 എം ബി യാണ് വേഗത. ഇസ്രായേലിനു പുറമേ കിർഗിസ്താൻ, ഫിജി, ഇറ്റലി, റഷ്യ എന്നീ രാജ്യങ്ങളാണ് മൊബൈൽ ബ്രോഡ്ബാൻഡ് കണക്ഷന് ഏറ്റവും ചെലവ് കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.

0.68 ആണ് ഇന്ത്യയിൽ ശരാശരി പ്രതിമാസ ചെലവ്. ശരാശരി ബ്രോഡ്ബാൻഡ് വേഗത 12.15 എം ബി പി എസ് ആണ്. നേപ്പാളിലും പാകിസ്താനിലും ഇന്ത്യയേക്കാൾ ചെലവ് കുറവാണ്. ഇന്ത്യയേക്കാൾ കൂടിയ വേഗതയും ഈ രാജ്യങ്ങളിലുണ്ട്.

പാകിസ്താനിൽ ശരാശരി 18.25 എം ബി പി എസ് വേഗതയുള്ളപ്പോൾ നേപ്പാളിൽ ഇത് 20.78 ആണ്.

ഫിക്സഡ് ബ്രോഡ്ബാൻഡിൻ്റെ കാര്യത്തിൽ ഇന്ത്യയുടെ നില താരതമ്യേന മെച്ചമാണെന്ന് സർവേ പറയുന്നു. എന്നാൽ ഇന്ത്യയിൽ കൂടുതലും ഉപയോഗിക്കുന്നത് മൊബൈൽ ബ്രോഡ്ബാൻഡ് ആണ്.

സിംഗപ്പൂരാണ് ഡൗൺലോഡ് വേഗതയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. 4 ജി ബി വലിപ്പമുള്ള ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ സിംഗപ്പൂരിൽ എടുക്കുന്നത് 2 മിനിറ്റും 55 സെക്കൻ്റുമാണ്. ഇന്ത്യയിൽ ഇതിനാവശ്യമായ സമയം 12 മിനിറ്റും 10 സെക്കൻ്റുമാണ്. 234.4 എം ബി പി എസാണ് സിംഗപ്പൂരിലെ ഫിക്സഡ് ബ്രോഡ്ബാൻഡിൻ്റെ ശരാശരി വേഗത.

നിലവിൽ ബ്രോഡ്ബാൻഡിൽ കുറഞ്ഞത് 512 കെ ബി പി എസ് ആണ് ഡൗൺലോഡ് സ്പീഡ്. ഇത് 2 എം ബി പി എസ് ആയി ഉയർത്തണമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) നിർദേശിച്ചിട്ടുണ്ട്.

Related Posts