വർണ്ണങ്ങളുടെ കൂട്ടുകാരി കുഞ്ഞു ശ്രീബാലയ്ക്ക് സ്നേഹത്തണലിന്റെ സ്നേഹ സമ്മാനമായി മൊബൈൽ ഫോൺ.
ശ്രീബാലയുടെ ചിത്രങ്ങൾക്ക് നിറം പകരാൻ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ്.
വലപ്പാട്:
വലപ്പാട് ജി ഡി എം എൽ പി സ്കൂളിലെ ഒന്നാം ക്ലാസുകാരിയായ കൊച്ചു മിടുക്കി ശ്രീബാലയ്ക്കാണ് സ്നേഹത്തണലിന്റെ സ്നേഹ സമ്മാനമെത്തിയത്. വീടിന്റെ അക ചുമരുകളും പുറം ചുമരുകളിലും വരകളും വർണ്ണങ്ങളും കൊണ്ട് നിറച്ച കൊച്ചു മിടുക്കി ഓൺ ലൈൻ ക്ലാസ് കാണുവാനും പഠിക്കാനും ഹോംവർക്ക് ചെയ്ത് അധ്യാപികയ്ക്ക് അയച്ചു കൊടുക്കുവാനും മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകയായിരുന്നു.
അയൽ വീട്ടിലെ ടെലിവിഷനാണ് ശ്രീബാലയ്ക്ക് ക്ലാസ് കാണാനുള്ള ആശ്രയം. അമ്മയുടെ കൂട്ടുകാരിയുടെ മൊബൈലിലൂടെയാണ് ശ്രീബാല പഠിച്ചിരുന്നതും ചിത്രങ്ങൾ വരച്ച് വിദ്യാലയ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നതും. എന്നാൽ അമ്മയുടെ സുഹൃത്ത് പോയതോടെ ശ്രീബാലയുടെ പഠനം പ്രതിസന്ധിയിലായി. തൊട്ടടുത്ത വിദ്യാലയത്തിൽ നിന്നും ഈ അധ്യയന വർഷമാണ് ശ്രീബാല ജി ഡി എം എൽ പി സ്കൂളിലെത്തിയത്.
ശ്രീബാലയുടെ അച്ഛൻ ബിനീഷിന് വീടിനു സമീപമുള്ള നാളികേരക്കളത്തിലാണ് പണി. ലോക്ഡൗണിനെ തുടർന്ന് കളത്തിലെ പതിവ് പണി നിലച്ചതോടെ ജീവിതം ഏറെ പ്രയാസത്തിലായി.
ശ്രീബാലയുടെ പഠനത്തിന്റെ തടസ്സങ്ങൾ സ്കൂൾ പ്രധാന അധ്യാപകൻ സി കെ ബിജോയ് സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം എ സലീമിനെ അറിയിച്ചതിനെ തുടർന്നാണ് ട്രസ്റ്റ് ഭാരവാഹികൾ വീട്ടിലെത്തി രക്ഷിതാക്കൾക്ക് മൊബൈൽ കൈമാറിയത്. ശ്രീബാലയുടെ പഠനത്തിനും വരകൾക്കും വേണ്ട എല്ലാ സഹായങ്ങളും സ്നേഹത്തണൽ ഉറപ്പു നല്കി.
സ്നേഹത്തണൽ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് വസന്ത ദേവലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് വി സി അബ്ദുൾ ഗഫൂർ, ജനൽ സെക്രട്ടറി എം എ സലിം, ജോ. സെക്രട്ടറി രാജൻ പട്ടാട്ട്, ജി ഡി എം സ്കൂൾ പ്രധാന അധ്യാപകൻ സി കെ ബിജോയ്, ഷൺമുഖ രാജ് മാസ്റ്റർ, സുനിൽകുമാർ ഉള്ളാട്ടിൽ, കെ എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.