രാജ്യത്ത് മൊബൈല്‍ ഫോണ്‍ കയറ്റുമതി കുതിക്കുന്നു; 70,000 കോടി കടന്നേക്കും
മുംബൈ: രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി നടപ്പ് സാമ്പത്തിക വർഷത്തിൽ 70,000 കോടി രൂപ കടക്കുമെന്ന് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 45,000 കോടി രൂപ മാത്രമായിരുന്നു. ഈ വർഷം ഇതുവരെ കയറ്റുമതി 40,000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 220 കോടി ഡോളറായിരുന്നു (17,000 കോടി രൂപ). രാജ്യത്ത് മൊബൈൽ ഫോൺ ഉൽപാദനത്തിലും കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടം നടത്തിയ കമ്പനികളാണ് സാംസങ്ങും ആപ്പിളും. ഈ രണ്ട് കമ്പനികളും ഇന്ത്യയിലെ മൊബൈൽ ഫോൺ ഉൽപാദനത്തിന്‍റെ പകുതിയും വഹിക്കുന്നു. ഇതിനിടയിൽ, ഇന്ത്യയ്ക്ക് കൂടുതൽ പ്രയോജനകരമായ മാറ്റങ്ങളാണ് ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ ആഗോള തലത്തിൽ നടക്കുന്നത്. ഐഫോണുകളും ഐപാഡുകളും നിർമ്മിക്കുന്ന ചൈനയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്‍റിലെ പണിമുടക്ക് ഇന്ത്യയ്ക്ക് അനുകൂലമായി. ഇതിന്‍റെ ഭാഗമായി ഐപാഡ് ഉത്പാദനം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആപ്പിളും സർക്കാരും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം.