വെള്ളപ്പൊക്ക മുന്നൊരുക്കം; ചാലക്കുടിയിൽ മോക്ഡ്രിൽ 10 ന്
ചാലക്കുടി: വെള്ളപ്പൊക്കത്തെ നേരിടുന്നതിനായി ചാലക്കുടി ആറാട്ട്കടവിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ നടത്തുന്നു. ദുരന്ത സമയത്ത് എങ്ങനെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാം എന്നത് സംബന്ധിച്ച റിഹേഴ്സലാണ് നടക്കുക. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്ക അവലോകന യോഗം ചാലക്കുടിയിൽ ചേർന്നു.
ദേശീയ ദുരന്ത പ്രതികരണ സേനയും ബന്ധപ്പെട്ട അധികൃതരും വെള്ളപ്പൊക്ക സമയത്തെ സന്നദ്ധ പ്രവർത്തനങ്ങളുടെ അനുകരണത്തിൽ പങ്കെടുക്കും. ഈ മാസം 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മോക്ഡ്രിൽ നടക്കുക. രണ്ട് ഭാഗങ്ങളിലായിട്ടാണ് മോക്ഡ്രിൽ.
ഡിസാസ്റ്റർ മാനേജ്‍മെന്റ് ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, ചാലക്കുടി തഹസിൽദാർ ഇ എൻ രാജു, എൻ ഡി ആർ എഫ് കമാൻഡന്റ് അർജുൻപൽ രാജ്പുട്, ഡെപ്യൂട്ടി കലക്ടർ (ആർ ആർ )പാർവതി ദേവി, ഹസാർഡ് അനലിസ്റ്റ് സുസ്മയ് സണ്ണി, ചാലക്കുടി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സിന്ധു ലോജു, കെ എസ് ഇ ബി, പൊലീസ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.