വെള്ളപ്പൊക്ക മുന്നൊരുക്കം; ചാലക്കുടിയിൽ മോക്ഡ്രിൽ

റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ്, കെ എസ് ഇ ബി, ഫയർ ആന്റ് റെസ്‌ക്യു, എൻ ഡി ആർ എഫ്, ഇറിഗേഷൻ, പൊതുവിതരണ വകുപ്പ്, ഹാം റേഡിയോ ഓപ്പറേറ്റേഴ്സ്, പെരിങ്ങൾക്കൂത്ത് ഡാം സേഫ്റ്റി ഡിവിഷൻ തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് മോക്ഡ്രിൽ നടന്നത്.

ചാലക്കുടി: വെള്ളപ്പൊക്കത്തെ എങ്ങനെ നേരിടാം എന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചാലക്കുടി കൂടപ്പുഴ ആറാട്ട്കടവിൽ മോക്ഡ്രിൽ നടത്തി. ദുരന്ത സമയത്ത് എങ്ങനെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റം എന്നത് സംബന്ധിച്ച റിഹേഴ്സലാണ് നടന്നത്. ഇതിന്റെ ഭാഗമായി ഒറ്റപ്പെട്ടുപോയ കുടുംബങ്ങളിൽ നിന്നുള്ള 19 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

രണ്ട് ഭാഗങ്ങളിലായാണ് മോക്ഡ്രിൽ നടന്നത്. ആദ്യ ഘട്ടത്തിൽ വെള്ളപ്പൊക്കം വന്നത് മൂലം ആറാട്ട് കടവിൽ വെള്ളം കയറുകയും കടവിന്റെ മറുകരയിൽ ആളുകൾ ഒറ്റപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുള്ള 15 പേരെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചു. ശേഷം ഇവരെ തീരുമാന്ധംകുന്ന് എൻ എസ് എസ് ഹാളിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇക്കൂട്ടത്തിൽ ഉണ്ടായിരുന്ന കൊവിഡ് പോസിറ്റീവായ ഒരു രോഗിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വഞ്ചി മറിഞ്ഞ് നാല് പേർ വെള്ളത്തിൽ പോവുന്നതായിരുന്നു മോക്ഡ്രിലിന്റെ രണ്ടാമത്തെ ഘട്ടം. ഈ സമയത്ത് എൻ ഡി ആർ എഫിന്റെയും ഫയർ ആന്റ് റെസ്ക്യുവിന്റെയും സഹായത്തോടെ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കും രണ്ട് പേരെ സെന്റ് ജെയിംസ് ആശുപത്രിയിലേക്കും മാറ്റി.

എൻ ഡി ആർ എഫിന്റെയും ഫയർ ആന്റ് റസ്ക്യുവിന്റെയും ബോട്ടുകളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ്, കെ എസ് ഇ ബി, ഫയർ ആന്റ് റെസ്‌ക്യു, എൻ ഡി ആർ എഫ്, ഇറിഗേഷൻ, പൊതുവിതരണ വകുപ്പ്, ഹാം റേഡിയോ ഓപ്പറേറ്റേഴ്സ്, പെരിങ്ങൾക്കൂത്ത് ഡാം സേഫ്റ്റി ഡിവിഷൻ തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് മോക്ഡ്രിൽ നടന്നത്.

Mock drill_CHalakkudi_02.jpg

മോക്ഡ്രില്ലിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വെള്ളപ്പൊക്ക സമയത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ എല്ലാ വകുപ്പുകളുടെയും സഹായത്തോടെ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്ന് കലക്ടർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട് പോകുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ശരിയായ ആശയ വിനിമയം ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി ഉണ്ടാവണമെന്നും കലക്ടർ കൂട്ടിച്ചേർത്തു.

ഡിസാസ്റ്റർ മാനേജ്‍മെന്റ് ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, ചാലക്കുടി തഹസിൽദാർ ഇ എൻ രാജു, എൻ ഡി ആർ എഫ് ടീം കമാന്റർ ഡി എസ് കുഷ്വ, ഡി വൈ എസ് പി എൻ എസ് സലീഷ്, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌ക്കർ, ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, ഫയർ ആന്റ് റസ്ക്യു സ്റ്റേഷൻ ഓഫീസർ വിജയ കൃഷ്ണൻ, ചാലക്കുടി മുനിസിപ്പൽ ചെയർമാൻ വി ഒ പൈലപ്പൻ, വൈസ് ചെയർപേഴ്സൺ സിന്ധു ലോജു, മറ്റ് നഗരസഭ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Posts