മോദി-ബൈഡൻ കൂടിക്കാഴ്ച ഇന്ന്
മൂന്നു ദിവസത്തെ തിരക്കിട്ട അമേരിക്കൻ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. മറ്റ് ഉഭയകക്ഷി വിഷയങ്ങൾക്കൊപ്പം അഫ്ഗാനിസ്താൻ പ്രശ്നം പ്രധാന ചർച്ചാ വിഷയമാകും.
ജനുവരിയിൽ ബൈഡൻ പ്രസിഡൻ്റായി ചുമതലയേറ്റതിനു ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. 2014 ൽ പ്രധാനമന്ത്രി പദവിയിൽ ആദ്യമായി എത്തിയതിനുശേഷം നരേന്ദ്ര മോദി നടത്തിയ അമേരിക്കൻ സന്ദർശനത്തിനിടയിൽ ജോ ബൈഡനുമായി ചർച്ച നടത്തിയിരുന്നു. ബരാക്ക് ഒബാമ ഭരണത്തിൽ അന്ന് ബൈഡൻ വൈസ് പ്രസിഡൻ്റായിരുന്നു. കൂടാതെ വിവിധ സന്ദർഭങ്ങളിലായി ഇരുനേതാക്കളും പല തവണ ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഇന്നലെ വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി അവരെ വിശേഷിപ്പിച്ചത് പ്രചോദനാത്മകമായ വ്യക്തിത്വം എന്നാണ്. ഒരു കുടുംബാംഗത്തെ പോലെയാണ് കമലയെന്നും അവർ ഒരു യഥാർഥ സുഹൃത്താണെന്നും മോദി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് അവർ ഇന്ത്യയ്‌ക്കൊപ്പം നിന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവും സ്വാഭാവിക സുഹൃത്തുക്കളാണെന്നും ഒരേ മൂല്യങ്ങളാണ് ഇരു രാജ്യങ്ങളും പങ്കിടുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.