കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മോദിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും പരിക്ക്
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിക്ക് വാഹനാപകടത്തിൽ പരിക്ക്. കർണാടകയിലെ മൈസൂരുവിൽ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പ്രഹ്ലാദ് മോദിയെ കൂടാതെ ഭാര്യ, മകൻ, മരുമകൾ, പേരക്കുട്ടി എന്നിവരും കാറിലുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബന്ദിപ്പൂറിലേക്കുള്ള യാത്രക്കിടയിലാണ് അപകടം. വാഹനം അമിത വേഗതയിലല്ലെന്നാണ് പൊലീസ് നിഗമനം. എന്നാൽ, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തിരക്കേറിയ പ്രദേശത്തല്ല അപകടം നടന്നതെന്നും പൊലീസ് പറഞ്ഞു. അപകടത്തിൽ കാറിന്‍റെ മുൻഭാഗത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചു. കാറിലുണ്ടായിരുന്നവരെ പരിക്കുകളോടെ മൈസൂരുവിലെ ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.