എംപിമാരുടെ മക്കള്‍ക്കു സീറ്റു കിട്ടിയില്ലെങ്കില്‍ അതിനു കാരണം താനാണെന്ന് മോദി

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചില പാര്‍ട്ടി എംപിമാരുടെ മക്കള്‍ക്കു ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അതിനു കാരണം താനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബ വാഴ്ച ജനാധിപത്യത്തിനു ഭീഷണിയാണെന്നും അതിനെതിരെയുള്ള പോരാട്ടം സംഘടനയില്‍നിന്നു തന്നെ തുടങ്ങണമെന്നും ബിജെപി എംപിമാരോട് മോദി പറഞ്ഞു. കുടുംബ വാഴ്ചയ്‌ക്കെതിരായ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു ജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
മണ്ഡലത്തില്‍ ബിജെപിക്കു കുറഞ്ഞ വോട്ടു കിട്ടിയ നൂറു ബൂത്തുകള്‍ കണ്ടെത്തി കാരണങ്ങള്‍ പരിശോധിക്കാന്‍ എംപിമാരോട് മോദി നിര്‍ദേശിച്ചു. ചെറിയ പിഴവുകള്‍ പോലും പരിഹരിച്ചു മുന്നോട്ടുപോവണമെന്ന് യോഗത്തില്‍ മോദി പറഞ്ഞു. വലിയ വിജയം ഒരുക്കിയ പ്രവര്‍ത്തനത്തിന് മോദി എംപിമാര്‍ക്കു നന്ദി പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത മനോജ് തിവാരി അറിയിച്ചു.
ദ കശ്മീര്‍ ഫയല്‍സ് പോലെയുള്ള സിനിമകള്‍ കൂടുതല്‍ നിര്‍മിക്കപ്പെടണമെന്ന് മോദി അഭിപ്രായപ്പെട്ടു. യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യൂക്രൈനിലെ ഒഴിപ്പിക്കല്‍ നടപടികള്‍ വിശദീകരിച്ചു.