മലയാള ലിപി പരിഷ്‌കരിക്കുന്നു; ഭാഷ നിര്‍ദേശക സമിതി ശുപാര്‍ശ
തിരുവനന്തപുരം: മലയാള ലിപി പരിഷ്കരിക്കാൻ ഭാഷാ നിർദേശക വിദഗ്ധ സമിതിയുടെ ശുപാർശ. അരനൂറ്റാണ്ടിന് ശേഷമാണ് ലിപി പരിഷ്‌കരിക്കുന്നത്. പഴയ ലിപിയിലേക്ക് ഭാഗികമായി മടങ്ങാനാണ് സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ. ഇത് സംബന്ധിച്ച ആദ്യറിപ്പോർട്ട് വിദഗ്ധ സമിതി സമർപ്പിച്ചു.
മലയാള അക്ഷരമാലയും ലിപി വ്യവസ്ഥയും എഴുത്തു രീതിയും ഏകീകരിക്കാനുള്ള നിർദേശങ്ങളടങ്ങുന്നതാണ് ആദ്യ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതി നിർദേശങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെയാണ് മാറ്റങ്ങൾ നിലവിൽവരിക.
പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുന്നതിന് നടപടിയെടുക്കാനും വിദഗ്ധസമിതി ശുപാർശ ചെയ്യുന്നു. പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. ഇതോടെയാണ് അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇക്കാര്യം അറിയിച്ചിരുന്നു.
ചീഫ് സെക്രട്ടറി ഡോ വി പി ജോയിയുടെ അധ്യക്ഷതയിലുള്ള ഭാഷാപണ്ഡിതരുടെ സമിതിയാണ് 1971ലെ ലിപി പരിഷ്‌കരണ ഉത്തരവ് പുനപരിശോധിച്ച് മാറ്റങ്ങൾ നിർദേശിച്ചത്.