അമ്മാടം സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിന് മോഡുലാര്‍ അടുക്കള.

അമ്മാടം സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മോഡുലര്‍ അടുക്കള സജ്ജമാക്കി. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പാറളം ഗ്രാമ പഞ്ചായത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മുന്‍ നാട്ടിക എം എല്‍ എ ഗീതാ ഗോപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ചാണ് പാചകപ്പുര നിര്‍മിച്ചത്.2021 ഫെബ്രുവരി 15ന് തറക്കല്ലിടുകയും ജൂലൈ 28ന് പണികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. സി സി മുകുന്ദന്‍ എം എല്‍ എയാണ് പാചകപ്പുരയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ആഴത്തില്‍ കുഴിയെടുത്ത് മണ്ണിട്ട് കരിങ്കല്ലുകള്‍ ഉപയോഗിച്ചാണ് അടിത്തറ ബലപ്പെടുത്തിയിട്ടുള്ളത്. 301 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച പാചകപ്പുരയുടെ മേല്‍ക്കൂരയും ലിന്റലുകളും സണ്‍ഷേഡും ആര്‍ സി സി (റീ ഇന്‍ഫോസ്ഡ് സിമന്റ് കോണ്‍ക്രീറ്റ്) ഉപയോഗിച്ച് മുകളില്‍ നിലകള്‍ നിര്‍മിക്കാവുന്ന രീതിയിലും ബലപ്പെടുത്തിയിട്ടുണ്ട്.

പാചകപ്പുരയോട് ചേര്‍ന്ന് അരിയും മറ്റ് പലവ്യഞ്ജനങ്ങളും സൂക്ഷിക്കുന്നതിന് സ്റ്റോര്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.

പാചകം അനായാസമാക്കാന്‍ ഗ്യാസ് അടുപ്പും ഒരുക്കി. കൂടാതെ സ്‌കൂള്‍ ഫണ്ട് ഉപയോഗിച്ച് മാറ്റേകുന്ന കബോര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകളും പൂര്‍ത്തീകരിച്ച്വന്‍കിട കെട്ടിടങ്ങളിലെ പാചകപ്പുരയോട് കിടപിടിക്കുന്ന രീതിയിലാണ് അമ്മാടം സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മോഡുലാര്‍ അടുക്കള ഒരുക്കിയിരിക്കുന്നത്.

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണവിതരണവും പൂരകങ്ങളായി മാറുന്നു. തുടര്‍ച്ചയായി രണ്ടുവര്‍ഷം തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി ടി എയായി തിരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാലയത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളാണ്. 1065 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 42 ടീച്ചിങ് സ്റ്റാഫുകളും 4 നോണ്‍ ടീച്ചിങ് സ്റ്റാഫുകളും ഉണ്ട്.

Related Posts