ഒറ്റക്കാലിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കേലാ ചുരവും കീഴടക്കി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് അഷറഫ്

കേലാ ചുരം കീഴടക്കുന്ന ആദ്യ ഭിന്നശേഷിക്കാരനാണ് മുപ്പത്തിയഞ്ചുകാരമായ ഈ മലയാളി.

ന്യൂഡൽഹി: ഒറ്റക്കാലിന്റെ ബലത്തിൽ 18,600 അടി ഉയരത്തിലുള്ള കേലാ ചുരവും കീഴടക്കി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് അഷറഫ്. 4200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തി പാംഗോങ് തടാകത്തെ ലേയുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡാണ് അഷ്‌റഫ്‌ കീഴടക്കിയത്. ഈ ചുരം കീഴടക്കുന്ന ആദ്യ ഭിന്നശേഷിക്കാരനാണ് മുപ്പത്തിയഞ്ചുകാരമായ ഈ മലയാളി.

കൊവിഡും ന്യൂമോണിയയും ബാധിച്ച് 40 ദിവസത്തോളം കിടപ്പിലായതിന് പിന്നാലെ ജൂലായ് 16-നാണ് തൃശ്ശൂർ വടക്കാഞ്ചേരി പാർളിക്കാട് പത്താംകല്ല് തെക്കേപ്പുറത്തു വളപ്പിൽ മുഹമ്മദ് അഷറഫ് (മുത്തു) സൈക്കിളിൽ ലഡാക്കിലേക്ക് യാത്ര തുടങ്ങുന്നത്.

ഓഗസ്റ്റ് 31-നാണ് കേലാ ചുരം റോഡ് ഉദ്ഘാടനം ചെയ്തത്. 17,982 അടി ഉയരമുള്ള, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരംകൂടിയ ഗതാഗതപാതയായ ഖർദൂങ് ലാ, മുഹമ്മദ് അഷറഫ് ഈ മാസം 12-ന് കീഴടക്കിയിരുന്നു.

ഈ മാസം 13-ന് സൈക്കിളിൽ കേലയിലേക്ക് യാത്ര തിരിച്ചപ്പോൾ കനത്ത മഞ്ഞുവീഴ്ച കാരണം 500 മീറ്റർ അകലെവെച്ച് അഷറഫിന് തിരിച്ചിറങ്ങേണ്ടിവന്നിരുന്നു. എന്നാൽ ലക്ഷ്യം കണ്ടേ കേരളത്തിലേക്ക് മടങ്ങൂ എന്ന ദൃഢനിശ്ചയത്തിൽ അഷറഫ് ലഡാക്കിൽത്തന്നെ തുടർന്നു. ലക്ഷ്യം നേടിയെടുക്കാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അഷറഫ് പറഞ്ഞു. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡുകളിലൊന്നായ കശ്മീരിലെ കിഷ്തോറിനെയും ഹിമാചൽപ്രദേശിലെ കില്ലറിനെയും ബന്ധിപ്പിക്കുന്ന ക്ലിഫ്ഹാങ്ങറിലൂടെ യാത്രചെയ്യലാണ് വോളിബോൾ താരം കൂടിയായിരുന്ന അഷറഫിന്റെ ഇനിയുള്ള ലക്ഷ്യം. അബുദാബിയിൽ കംപ്യൂട്ടർ എൻജിനിയറായിരുന്ന അഷറഫ്, തീപ്പൊള്ളലേറ്റതിനെത്തുടർന്ന് ജോലി മതിയാക്കി നാട്ടിലെത്തിയശേഷമാണ് സൈക്കിളിൽ യാത്ര തുടങ്ങിയത്.

നിരവധി അപകടങ്ങൾ നിറഞ്ഞതാണ് അഷ്‌റഫിന്റെ ജീവിതം. ഇതിനകം തീപ്പിടിത്തമടക്കം ഇരുപതോളം അപകടങ്ങൾ അഷ്‌റഫിനുണ്ടായിട്ടുണ്ട്. 2017-ൽ പാലക്കാട്ട് വോളി ടൂർണമെന്റ് കഴിഞ്ഞുമടങ്ങുമ്പോളാണ് മറ്റൊരു ബൈക്ക് വന്നിടിച്ച് അഷറഫിന് തന്റെ കാൽ നഷ്ടമാകുന്നത്. കാൽ മുറിക്കാനായിരുന്നു ഡോക്ടർമാരുടെ തീരുമാനമെങ്കിലും അഷറഫ് വഴങ്ങിയില്ല. ഒമ്പതുതവണത്തെ ശസ്ത്രക്രിയകൾക്കുശേഷം കാൽ ഏകദേശരൂപത്തിലെത്തിയെങ്കിലും അധികദൂരം നടക്കാനാവില്ല. മൂന്നുവർഷത്തോളം കിടപ്പായിരുന്ന അവസ്ഥയിൽനിന്നാണ് അഷറഫ് ഇന്ത്യ കാണാനിറങ്ങുക എന്ന തീരുമാനത്തിലെത്തിയത്.

കൃത്രിമക്കാലുകൾ നിർമിക്കുന്ന ഇൻലിവൻ പ്രോസ്തറ്റിക് കമ്പനി ഉടമ സതീഷ് വാരിയരും യു എ ഇ യിലെ അഷറഫ് കൂട്ടായ്മയിലെ അഷറഫും സാമ്പത്തികമായി സഹായിച്ചതിനാലാണ് യാത്ര സാധിച്ചതെന്ന് മുഹമ്മദ് അഷറഫ് പറഞ്ഞു.

Related Posts