മുഹമ്മദ് ഷമിക്ക് കൊവിഡ്; ഓസീസ് പരമ്പരയിൽ പകരക്കാരനാകാൻ ഉമേഷ് യാദവ്
ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നഷ്ടമാകും. ഷമിക്ക് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20 പരമ്പരയ്ക്കായി മൊഹാലിയിലെത്തിയപ്പോൾ ഷമി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. പരിക്കിനെ തുടർന്ന് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തേണ്ടിയിരുന്ന ഉമേഷ് യാദവിനോട് ഷമിക്ക് പകരം ടീമിൽ ചേരാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. ഐ പി എല്ലിന്‍റെ അവസാന സീസണിൽ ഉമേഷ് യാദവ് മികച്ച ഫോമിലായിരുന്നു. 16 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണുള്ളത്. 20, 23, 25 തീയതികളിലാണ് മത്സരം. സെപ്റ്റംബർ 28, ഒക്ടോബർ 2, 4 ദിവസങ്ങളിലായി 3 ഏകദിനങ്ങൾ നടക്കും.