പാകിസ്താനിലേക്ക് കുടിയേറിയ മുസ്ലിങ്ങൾക്ക് ആദരവ് കിട്ടുന്നില്ലെന്ന് മോഹൻ ഭാഗവത്
വിഭജനകാലത്ത് പാകിസ്താനിലേക്ക് കുടിയേറിയ മുസ്ലിങ്ങൾക്ക് അവിടെ ആദരവ് കിട്ടുന്നില്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയുടേത് വിശാലമനസ്കതയുള്ള സംസ്കാരമാണ്. അത് നമ്മുടെ സാംസ്കാരിക പാരമ്പര്യമാണ്. മുഴുവൻ ഇന്ത്യക്കാരെയും ചേർത്തുനിർത്തുന്നത് ഈ കാഴ്ചപ്പാടാണ്. ഇത് ഹിന്ദുമതത്തിന്റെ സംസ്കാരമാണെന്നും ആർ എസ് എസ് മേധാവി അഭിപ്രായപ്പെട്ടു. ഹിന്ദു രാജാക്കന്മാരുടെ കാവിയും നവാബുമാരുടെ പച്ചയുമായ പതാകകൾ ഒന്നിച്ചുനിന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയതിനെപ്പറ്റി സവർക്കർ എഴുതിയിട്ടുണ്ട്.
'വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർടിഷൻ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യയുടെ വിശാല മനസ്കത പാകിസ്താനില്ലെന്ന് ആർ എസ് എസ് മേധാവി ചൂണ്ടിക്കാട്ടിയത്. ഉദയ് മഹുർക്കർ, ചിരായു പണ്ഡിറ്റ് എന്നിവർ ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.
ആരാധനകളിൽ വ്യത്യാസമുള്ളപ്പോഴും ഒരേ പൂർവികരാണ് ഇന്ത്യക്കാർക്കുള്ളതെന്നും മാതൃരാജ്യത്തെ മാറ്റാൻ ആർക്കുമാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ദാര ഷിക്കോവ്, ഹക്കിം ഖാൻ സുർ, ഹസൻ ഖാൻ മേവട്ടി, ഇബ്രാഹിം ഖാൻ ഗർഡി, അഷ്ഫഖുള്ള ഖാൻ തുടങ്ങിയ മഹാരഥന്മാരുടെ സ്മരണകൾ നിലനിർത്തുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു.