ഒടിടിയും ബിറ്റ്കോയിനും മയക്കുമരുന്നും രാജ്യദ്രോഹ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് മോഹൻ ഭാഗവത്
ഒടിടി പ്ലാറ്റ്ഫോമുകളും ബിറ്റ്കോയിനും മയക്കുമരുന്ന് കച്ചവടക്കാരും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്യുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ആർഎസ്എസ് മേധാവി ഒടിടി പ്ലാറ്റ്ഫോമുകൾക്കും ബിറ്റ്കോയിനും മയക്കുമരുന്ന് കച്ചവടത്തിനുമെതിരെ ആഞ്ഞടിച്ചത്.
ബിറ്റ്കോയിൻ പോലുള്ള നിഗൂഢമായ കറൻസികൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന് ഭാഗവത് മുന്നറിയിപ്പ് നൽകി. ആഗോള രംഗത്തെ ചില നിക്ഷിപ്ത താത്പര്യക്കാർ രാജ്യത്തിന്റെ സമ്പദ് രംഗം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്.
ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ എല്ലാത്തരം ചിത്രങ്ങളും പ്രദർശിപ്പിക്കുകയാണ്. യാതൊരു നിയന്ത്രണവും ഇക്കാര്യത്തിലില്ല. കൊവിഡ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതോടെ വിദ്യാർഥികൾ ഓൺലൈനിൽ ക്ലാസ്സുകൾ കാണേണ്ട സ്ഥിതി വന്നു. ഇപ്പോൾ കുട്ടികൾ അതിന് അടിമകൾ ആയിരിക്കുകയാണ്. അവർ എന്തൊക്കെയാണ് ഓൺലൈനിൽ കാണുന്നതെന്ന് ഒരു പിടിയുമില്ലെന്ന് ഭാഗവത് കുറ്റപ്പെടുത്തി.
എല്ലാത്തരം മയക്കുമരുന്നും രാജ്യത്തേക്ക് വരുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു. ജനങ്ങൾ ഇത്തരം വസ്തുക്കൾക്ക് അടിമകൾ ആവുകയാണ്. എങ്ങനെയാണ് ഇതിനെ നിയന്ത്രിക്കുന്നത് എന്ന കാര്യം തനിക്കറിയില്ല. വൻകിട ബിസ്നസിൽ നിന്നുള്ള പണമാണ് മയക്കുമരുന്ന് വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയെ തുടർന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.