മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനും; ബ്രോ ഡാഡി മറ്റന്നാൾ മുതൽ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ബോക്സോഫീസിൽ തകർപ്പൻ വിജയം നേടിയ ലൂസിഫറിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം, മരക്കാറിനുശേഷം പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം, ഭാഗ്യ ജോഡികളായ ലാലും മീനയും വീണ്ടും ഒന്നിക്കുന്ന ചിത്രം, പൃഥ്വിരാജിൻ്റെ നായികയായി കല്യാണി പ്രിയദർശൻ വേഷമിടുന്ന ചിത്രം തുടങ്ങി നിരവധി പ്രത്യേകതകളാണ് ബ്രോ ഡാഡിക്കുള്ളത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ, മുരളി ഗോപി, ലാലു അലക്സ്, കനിഹ, ജഗദീഷ്, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്നു. ജോൺ കാറ്റാടി, അന്നമ്മ എന്നീ കഥാപാത്രങ്ങളെയാണ് മോഹൻലാലും മീനയും അവതരിപ്പിക്കുന്നത്. ദമ്പതികളുടെ മകൻ ഈശോ ജോൺ കാറ്റാടിയുടെ വേഷത്തിലാണ് പൃഥ്വിരാജ്. കുര്യൻ എന്ന കഥാപാത്രത്തെയാണ് ലാലു അലക്സ് അവതരിപ്പിക്കുന്നത്. കുര്യൻ്റെ ഭാര്യ എൽസി കുര്യൻ ആണ് കനിഹ. ഇവരുടെ മകൾ അന്നയുമായി ഈശോ പ്രണയത്തിലാണ്. കല്യാണിയാണ് അന്നയുടെ വേഷത്തിൽ. ഒരേ കോളെജിലാണ് കുര്യനും അന്നമ്മയും പഠിച്ചിരുന്നത്. പഠിക്കുന്ന കാലത്ത് അന്നമ്മയോട് കുര്യന് പ്രണയം ഉണ്ടായിരുന്നു.
ശ്രീജിത്ത് എൻ, ബിബിൻ ജോർജ് എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രം ഒരു ഫൺ-ഫാമിലി ഡ്രാമയാണ്. ദീപക് ദേവാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.