നാല് പതിറ്റാണ്ടിനിടയിൽ ഞങ്ങൾ ഒന്നിച്ചത് 53 സിനിമകളിൽ, നിർമിച്ചത് 5 സിനിമകൾ; 70-ാം പിറന്നാളിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മോഹൻലാലിൻ്റെ വീഡിയോ സന്ദേശം
എഴുപതാം പിറന്നാളിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മോഹൻലാലിൻ്റെ വീഡിയോ സന്ദേശം. "പ്രിയപ്പെട്ട ഇച്ചാക്കാ, ജന്മദിനാശംസകൾ" എന്നു തുടങ്ങുന്ന വീഡിയോയിൽ ഈ ദിനം തനിക്കും കുടുംബത്തിനും ആഘോഷിക്കാനുള്ളതാണെന്നും ഇത് തൻ്റെയും കൂടി ജ്യേഷ്ഠ സഹോദരൻ്റെ പിറന്നാളാണെന്നും മോഹൻലാൽ പറയുന്നു.
ജ്യേഷ്ഠതുല്യമായ കരുതൽ കൊണ്ടും സഹോദര നിർവിശേഷമായ വാത്സല്യം കൊണ്ടും വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും എല്ലാ ഉയർച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സ്നേഹ സാന്നിധ്യമാണ് മമ്മൂക്ക. അദ്ദേഹത്തിൻ്റെ ജന്മനാൾ ഞാനും എൻ്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാവുന്നതു തന്നെ ഒരു സുകൃതമാണ്.
അഭിനയത്തിൽ തൻ്റേതായ ശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കയ്ക്കൊപ്പം എൻ്റെയും പേര് വായിക്കപ്പെടുന്നു എന്നത് ഏറെ സന്തോഷം നൽകുന്നു. നാല് പതിറ്റാണ്ടിനിടയിൽ ഞങ്ങൾ ഒന്നിച്ചത് 53 സിനിമകളിലാണ്. ഒന്നിച്ചു നിർമിച്ചത് 5 സിനിമകൾ. ഇതൊക്കെ ഒരു വിസ്മയമെന്നേ പറയാനാവൂ. ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്തതിനേക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്.
ഇച്ചാക്കയിൽ നിന്നും ഇനിയും മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കു തന്നെയും കൂടുതൽ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടേ എന്ന് ആശംസിക്കുന്നു. ബഹുമതിയുടെ ആകാശങ്ങളിൽ ഇനിയും ഏറെ ഇടം കിട്ടട്ടേ എന്നും ഇനിയും ഞങ്ങൾക്കൊന്നിക്കാവുന്ന മികച്ച സിനിമകൾ ഉണ്ടാവട്ടേ എന്നും പ്രാർഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നല്കി എൻ്റെ ഈ ജ്യേഷ്ഠ സഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടേ എന്ന് ആശംസിക്കുന്നു.
സ്നേഹത്തിൻ്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എൻ്റെ പിറന്നാളുമ്മകൾ എന്ന് പറഞ്ഞു കൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്.
സോഷ്യൽ മീഡിയ മുഴുവൻ മമ്മൂട്ടിക്കുള്ള ജന്മദിനാശംസകൾ കൊണ്ട് നിറയുകയാണ്. സുരേഷ് ഗോപി, പൃഥ്വിരാജ്, ദിലീപ്, മഞ്ജുവാര്യർ, ബിജുമേനോൻ, അനൂപ് മേനോൻ, ദിവ്യ ഉണ്ണി, റിമി ടോമി, ഉണ്ണി മുകുന്ദൻ, റോഷൻ ആൻഡ്രൂസ്, നവ്യ നായർ, കനിഹ, കമൽഹാസൻ, സുഹാസിനി, അംബിക, ഖുശ്ബു, ഗായിക ചിത്ര, സണ്ണി വെയ്ൻ, രജിഷ വിജയൻ തുടങ്ങി ഒട്ടേറെപ്പേർ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.