മോഹൻലാലിൻ്റെ മരക്കാറും സൂര്യയുടെ ജയ് ഭീമും ഓസ്കർ പട്ടികയിൽ

2022-ലെ ഓസ്കർ അവാർഡിനുള്ള ലോങ്ങ് ലിസ്റ്റിൽ ഇടം പിടിച്ച് മോഹൻലാലിൻ്റെ മരക്കാർ: അറബിക്കടലിൻ്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിന് നേരത്തേ ദേശീയ പുരസ്കാരം ഉൾപ്പെടെ ലഭിച്ചിരുന്നു. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത സൂര്യയുടെ ജയ് ഭീം ആണ് ഇന്ത്യയിൽ നിന്ന് ലോങ്ങ് ലിസ്റ്റിൽ ഇടം പിടിച്ച മറ്റൊരു ചിത്രം.

അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻ്റ് സയൻസസ് പുറത്തുവിട്ട പട്ടികയിൽ മൊത്തം 276 ചിത്രങ്ങളാണ് ഉള്ളത്. ഇന്ത്യയിൽനിന്ന് ഈ രണ്ട് ചിത്രങ്ങൾ മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്.

മദർ ഇന്ത്യ, സലാം ബോംബെ, ലഗാൻ എന്നീ മൂന്ന് ഇന്ത്യൻ ഫീച്ചർ ഫിലിമുകൾ മാത്രമാണ് ഓസ്‌കർ നോമിനേഷൻ നേടിയിട്ടുള്ളത്. ഇന്ത്യക്കാരനായ ചലച്ചിത്ര നിർമാതാവ് ഇസ്മായിൽ മർച്ചന്റിന്റെ നിരവധി ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആസിഫ് കപാഡിയയുടെ ഡോക്യുമെന്ററി ചിത്രമായ ആമി 2013-ലെ മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള അവാർഡ് നേടി.

94-ാമത് അക്കാദമി അവാർഡിനുള്ള സിനിമകളുടെ വോട്ടെടുപ്പ് ജനുവരി 27-ന് ആരംഭിക്കും. അന്തിമ നോമിനേഷനുകൾ ഫെബ്രുവരി 8-ന് പ്രഖ്യാപിക്കും. മാർച്ച് 27-ന് ലോസ് ഏഞ്ചലസിലെ ഹോളിവുഡ് ഡോൾബി തിയേറ്ററിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.

Related Posts