'റാൻസം വെയറി'ലൂടെ പണം തട്ടുന്ന ഏഴംഗ സംഘത്തെ ഇൻ്റർപോളിൻ്റെ സഹായത്തോടെ പിടികൂടി, ഓപ്പറേഷൻ 'ഗോൾഡ് ഡസ്റ്റ് ' അരങ്ങേറിയത് ഒരേസമയം 16 രാജ്യങ്ങളിൽ

സ്മാർട്ഫോണിലും സിസ്റ്റത്തിലുമെല്ലാം 'മാൽവെയർ' കടത്തിവിട്ട് മോചനദ്രവ്യമായി വൻതുക കവർന്നെടുക്കുന്ന അന്താരാഷ്ട്ര സൈബർ കുറ്റവാളി സംഘത്തെ ഇൻ്റർപോളിൻ്റെ സഹായത്തോടെ പിടികൂടി. 'ഗോൾഡ് ഡസ്റ്റ് ' എന്ന് പേരിട്ട ഓപ്പറേഷൻ അരങ്ങേറിയത് ഒരേസമയം 16 രാജ്യങ്ങളിലാണ്. 21 വയസ്സുള്ള ഏഷ്യക്കാരനെ പിടികൂടിയത് കുവൈറ്റിൽ നിന്നാണ്. ഇയാൾ സർവകലാശാല വിദ്യാർഥിയാണ്.

ഏഴംഗ സംഘത്തിലുള്ളവർ ഏതെല്ലാം രാജ്യങ്ങളിൽനിന്നാണ് എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇൻ്റർപോളിൻ്റെയും യൂറോപോളിൻ്റെയും നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ ബ്രിട്ടണും ജപ്പാനും ഉൾപ്പെടെയുള്ള 16-ഓളം രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ സഹകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതുവരെ 7000-ത്തോളം ഹാക്കിങ്ങ് ക്രൈമുകൾ സംഘം നടത്തിയതായാണ് വിവരം. ഇതിലൂടെ 200 മില്യൺ യൂറോയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. എട്ടുമാസത്തോളമായി സംഘാംഗങ്ങളുടെ നീക്കങ്ങളും മൊബൈൽ ഫോണുകളുടെ പ്രവർത്തനവുമെല്ലാം അന്വേഷണ ഏജൻസികളുടെ നിരന്തരമായ നിരീക്ഷണത്തിലായിരുന്നു.

സംഘത്തിൻ്റെ പ്രവർത്തന രീതി ഇപ്രകാരമാണ്. ഫോണിലേക്കോ സിസ്റ്റത്തിലേക്കോ മാൽവെയർ കടത്തിവിട്ട് ഡാറ്റ എൻക്രിപ്റ്റ് ചെയ്യും. പിന്നീട് ഡിക്രിപ്ഷൻ കീ കൈമാറാനായി വൻതുക റാൻസം അഥവാ മോചനദ്രവ്യമായി ആവശ്യപ്പെടും. ഭീഷണിക്കു വഴങ്ങി പണം നൽകുന്നവർക്ക് ഡാറ്റ ഡിക്രിപ്റ്റ് ചെയ്യാനുള്ള സോഫ്റ്റ് വെയർ അയച്ചുകൊടുക്കും. വർഷങ്ങൾക്കുമുമ്പ് നിരവധി ഹാക്കിങ്ങ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കുവൈറ്റിൽ പിടിയിലായ സർവകലാശാല വിദ്യാർഥി ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിട്ടുണ്ട്. പിടിയിലായവരുടെ പക്കൽനിന്ന് നിരവധി തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ ഇമെയിൽ ഐഡികളും പേഴ്സണൽ അക്കൗണ്ടുകളും ഉപയോഗിച്ചായിരുന്നു സംഘത്തിൻ്റെ പ്രവർത്തനം.

Related Posts