ബിൽക്ലിന്റണുമായുള്ള വഴിവിട്ട ബന്ധങ്ങൾ, വാർത്തകളിൽ വീണ്ടും ഇടംപിടിച്ച് മോണിക്ക ലെവിൻസ്കി
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ഒടുവിൽ ആഗോള മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വാർത്തയായിരുന്നു അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽക്ലിന്റണും വൈറ്റ് ഹൗസ് ഇന്റോൺ മോണിക്ക ലെവിൻസ്കിയുമായുള്ള "വഴിവിട്ട" ലൈംഗിക ബന്ധങ്ങൾ. അമേരിക്കൻ പ്രസിഡന്റിന്റെ ഇംപീച്ച്മെന്റോളമെത്തിയ ആരോപണങ്ങളും വിവാദങ്ങളും ഏറെക്കുറെ കെട്ടടങ്ങിയത്പ്രസിഡന്റിന്റെ മാപ്പു പറച്ചിലോടെയാണ്.
രണ്ടു പതിറ്റാണ്ടിനുശേഷം ക്ലിന്റൺ മോണിക്ക ലൈംഗിക കഥകൾ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. എഫ് എക്സ് ചാനലിൽ സംപ്രേഷണം ചെയ്തു വരുന്ന 'ഇംപീച്ച്മെന്റ: അമേരിക്കൻ ക്രൈം സ്റ്റോറി' എന്ന സീരീസാണ് പഴയ വിവാദങ്ങളിലേക്ക് വീണ്ടും ജനശ്രദ്ധ തിരിച്ചുവിടുന്നത്. ബിൽ ക്ലിന്റൺ മോണിക്ക ലെവിൻസ്കി ബന്ധവും പ്രസിഡന്റിന്റെ ഇംപീച്ച്മെന്റുമാണ് സീരീസിന്റെ പ്രമേയം. കൗതുകകരമായ സംഗതി മോണിക്കയാണ് ചിത്രത്തിന്റെ സഹനിർമാതാവ് എന്നതാണ്. 10 എപ്പിസോഡുള്ള ക്രൈം സീരീസിന്റെ മൂന്നാം സീസൺ തുടങ്ങിയത് സെപ്റ്റംബർ 7 നാണ്. ക്ലോസറിലെ മികച്ച പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ പുരസ്കാരങ്ങൾ നേടിയ ക്ലൈവ് ഓവൻ ബിൽ ക്ലിന്റണായി വേഷമിടുന്ന പരമ്പരയിൽ മോണിക്കയായി അമേരിക്കൻ താരം ബിയാനി ഫെൽഡ്സ്റ്റീനാണ് അഭിനയിക്കുന്നത്.
സി എൻ എന്നിലെ 'ദി ലീഡ് വിത്ത് ജെയ്ക്ക് ടാപ്പർ' ഷോയിൽ കഴിഞ്ഞ ദിവസം മോണിക്ക നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒക്ടോബർ അഞ്ചിനാണ് മോണിക്കയുമായുള്ള അഭിമുഖം സി എൻ എൻ സംപ്രേഷണം ചെയ്തത്. "തികച്ചും അനുചിതമായ" രീതിയിലാണ് ക്ലിന്റൺ തന്നോട് ഇടപെട്ടത് എന്ന മോണിക്കയുടെ വാക്കുകളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. അന്ന് തന്നേക്കാൾ 27 വയസ്സ് പ്രായക്കുടുതൽ ക്ലിന്റണുണ്ടായിരുന്നു.
അമേരിക്കൻ പ്രസിഡന്റിനും വൈറ്റ് ഹൗസിലെ ഒരു സാധാരണ ജീവനക്കാരിക്കും ഇടയിലെ അധികാര ബന്ധങ്ങളെ പറ്റിയുള്ള വലിയ ആശങ്കകളും മോണിക്ക അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. നാൽപ്പത്തിയൊമ്പത് വയസ്സുള്ള, ലോകത്തിലെ സുപ്രധാനമായ അധികാരസ്ഥാനത്തിരിക്കുന്ന, ഒരു ബോസാണ് കേവലം 22 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുമായി "അനുചിതമായ" ബന്ധത്തിൽ ഏർപ്പെട്ടത്. കോളെജ് പഠനം കഴിഞ്ഞയുടനെ ജോലിക്കായി വൈറ്റ് ഹൗസിലെത്തിയ തനിക്ക് ആ പ്രായത്തിൽ അത്തരമൊരു ബന്ധത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് മോണിക്ക പറയുന്നു. "കൺസന്റ " അല്ല പ്രധാന കാര്യമെന്നും 48 കാരിയായ മോണിക്ക അഭിമുഖത്തിൽ പറയുന്നുണ്ട്. സീരീസിന്റെ നിർമാതാവ് എന്ന നിലയിൽ അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെങ്കിലും അതിലെ കഥാപാത്രം എന്ന നിലയിൽ ആശങ്കകളുണ്ടെന്നും അവർ പറയുന്നു. ഹോളിവുഡിൽ തുടങ്ങി ലോകമെങ്ങും തരംഗമായി മാറിയ മീടൂ വിവാദ കാലത്തും മോണിക്ക ലെവിൻസ്കി വാർത്തകളിൽ ഇടം പിടിച്ചിരുന്നു.