കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ്; മേളയിലെ താരമായി സ്പെയിൻകാരി മോണിക്കാ സാന്റോസ്

തൃശ്ശൂർ: കേരളത്തിന് അത്ര പരിചിതമല്ലാത്ത ക്ലൗൺ ഷോയിലൂടെ കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഹോപ്പ് ഫെസ്റ്റിലെ താരമായി സ്പെയിൻകാരി മോണിക്കാ സാന്റോസ് മാറി. വൺസ് അപ്പോൺ എ ക്ലൗൺ ടൈം എന്ന പേരിലുള്ള അവതരണം തൃശ്ശൂരിലെ ആസ്വാദകലോകം സഹർഷം നെഞ്ചിലേറ്റി. കാണികളോട് ചോദ്യങ്ങൾ ചോദിച്ചും അവരെ കൂടെ പാടിപ്പിച്ചും മോണിക്ക വളരെ പെട്ടെന്ന് അവർ തമ്മിലുള്ള ദൂരം കുറച്ചു. ഇംഗ്ലീഷിലാണ് അവർ ഷോ അവതരിപ്പിച്ചതെങ്കിലും, ഭാഷ അറിയാത്തവർക്കുപോലും അവരുടെ അഭിനയമികവ് തിരിച്ചറിയാനായി.

വ്യത്യസ്തമായ ശരീരഭാഷയിലൂടെയും സംഭാഷണചാതുര്യത്തിലൂടെയും മോണിക്കാ സാന്റോസ് ഇന്ത്യക്കാരെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് അഞ്ചിലധികം വർഷങ്ങളായി. സ്പെയിനിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഇവർ ആകസ്മികമായാണ് ക്ലൗൺ ഷോയിലേക്ക് എത്തിപ്പെട്ടത്. ഇരുപത്തിയഞ്ചാം വയസ്സിൽ, ഒരിക്കൽ ക്ലൗൺ ഷോയിൽ ഭാഗഭാക്കായത് തന്റെ ജീവിതത്തിൽ വഴിത്തിരിവ് ആയി. ഉയർന്ന ശമ്പളമുള്ള ജോലി നൽകുന്ന സംതൃപ്തിയല്ല യഥാർത്ഥ സന്തോഷം എന്ന് തിരിച്ചറിഞ്ഞ ഇവർ, പിന്നീട് ക്ലൗണായി അരങ്ങിലെത്തുകയായിരുന്നു. നിലവിൽ മുംബൈലെ ആശുപത്രികൾ കേന്ദ്രീകരിച്ച്‌ തന്റെ കലാപ്രവർത്തനത്തെ ശമനോപാധിയായി മാറ്റുകയാണ് ഈ ക്ലൗൺ ആർട്ടിസ്റ്റ്.

Related Posts