തട്ടിപ്പുകാരെല്ലാം പിണറായിയുടെ അടുത്ത് എന്തിന് വരുന്നെന്ന് പി ടി തോമസ്, സുഖചികിത്സയ്ക്ക് മോൻസൻ്റെ വീട്ടിൽ പോയത് ആരാണെന്ന് മുഖ്യമന്ത്രി
മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകളാണ് നിയമസഭയിൽ ഇന്ന് വലിയ തോതിലുള്ള വാക്പോരുകൾക്ക് ഇടയാക്കിയത്. പുരാവസ്തു തട്ടിപ്പുകാരന് സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
പി ടി തോമസാണ് അവതരണാനുമതി തേടിയത്. കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് പുരാവസ്തുക്കളുടെ പേരിൽ മോൻസൺ നടത്തിയതെന്നും മുൻ ഡിജിപി ക്ക് ഉൾപ്പെടെ പൊലീസിലെ ഉന്നതർക്ക് ഇയാളുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും പി ടി തോമസ് പറഞ്ഞു. തട്ടിപ്പുകാരന് സംരക്ഷണമാണ് സംസ്ഥാന പൊലീസ് കൊടുക്കുന്നത്. മോൻസന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്ന് ഇന്റലിജൻസ് നേരത്തേത്തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതു കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. ബീറ്റ് ബോക്സ് അടക്കം സ്ഥാപിച്ച് തട്ടിപ്പുകാരന് സംരക്ഷണം നൽകുകയായിരുന്നെന്ന് പി ടി ആരോപിച്ചു.
പൊലീസിന്റെ സമ്മേളനത്തിൽ പോലും ഇറ്റലിയിൽ നിന്നുള്ള ഇടനിലക്കാരിയും മോൻസണും പങ്കെടുത്തിട്ടുണ്ടെന്ന് ആരോപിച്ച പി ടി തട്ടിപ്പുകാരെല്ലാം എന്തിനാണ് പിണറായിയുടെ അടുത്ത് വരുന്നതെന്ന് ചോദിച്ചു. മോൻസൺ മാവുങ്കലിന്റെ വീട് ആരൊക്കെ എന്തിനൊക്കെ സന്ദർശിച്ചെന്ന കാര്യം എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പൊലീസുകാരാരും സുഖചികിത്സയ്ക്ക് മോൻസന്റെ വീട്ടിൽ തങ്ങിയിട്ടില്ല. ആരൊക്കെ എന്തിനൊക്കെ പോയെന്ന കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.