തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് വെള്ളായണിക്കൽ പാറയിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. വെള്ളായണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെ തടഞ്ഞുനിർത്തി വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. പോത്തൻകോട് വെള്ളായണിക്കൽ പാറയിൽ ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആൺ കുട്ടിക്കും മൂന്ന് പെൺ കുട്ടികൾക്കും മർദ്ദനമേറ്റു. ഒരു കൂട്ടം ആളുകൾ കുട്ടികളെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. വെള്ളായണിക്കൽ സ്വദേശി മനീഷാണ് കുട്ടികളെ മർദ്ദിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും മനീഷിനെതിരെ ചെറിയ വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ മാത്രമാണ് പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ മനീഷിനെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.