കോട്ടയത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരേ നടുറോഡിൽ സദാചാര ഗുണ്ടാ ആക്രമണം
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. ബിരുദ വിദ്യാർഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് മർദ്ദനമേറ്റത്. സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ കാറിൽ പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന് പേരെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വിദ്യാർത്ഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. റോഡപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സഹപാഠിക്ക് വസ്ത്രം നൽകാനാണ് രണ്ട് വിദ്യാർത്ഥികളും നഗരത്തിലെത്തിയത്. തുടർന്ന് ഇരുവരും ഭക്ഷണം കഴിക്കാൻ കയറി. ഇതിനിടെ മൂന്നംഗ സംഘം ഇരുവർക്കുമെതിരെ അശ്ലീല പരാമർശം നടത്താൻ തുടങ്ങി. സംഘം വിദ്യാർത്ഥികളെ അസഭ്യം പറയുകയും പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സ്കൂട്ടറിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ കാറിലെത്തിയ മൂന്നംഗ സംഘം പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പ്രതികളും ചേർന്ന് വിദ്യാർത്ഥികളെ റോഡിൽ വച്ച് മർദ്ദിച്ചു. റോഡിൽ വീണ പെൺകുട്ടിയെ അവർ വീണ്ടും ആക്രമിച്ചു. തുടർന്ന് നാട്ടുകാരും നഗരത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘവും സ്ഥലത്തെത്തി വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. മൂന്ന് പ്രതികളെയും അപ്പോൾ തന്നെ പിടികൂടി.