ഇന്ത്യയിലേക്ക് കൂടുതൽ ചീറ്റകൾ; ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ചത് 12 എണ്ണത്തെ
ഗ്വാളിയോർ: 12 പുതിയ ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിച്ചു. 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളും ആണ് എത്തിയത്. വലിയ കൂടുകളിലാക്കി ശാന്തമാക്കാൻ പ്രത്യേക ഉറക്ക മരുന്നുകൾ നൽകിയാണ് എത്തിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവന്നത്. ഇതോടെ രാജ്യത്ത് എത്തിച്ച ചീറ്റപ്പുലികളുടെ എണ്ണം 20 ആയി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എം-17 ഹെലികോപ്റ്ററിൽ ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുപോകും. സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ആദ്യമായി ഇന്ത്യയിലെത്തിച്ചത്. ക്വാറന്‍റൈന് ശേഷമാണ് ഇവയെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടത്. ചീറ്റപ്പുലികൾ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നേരത്തെ പറഞ്ഞിരുന്നു.