ടൈറ്റാനിയം തട്ടിപ്പിൽ കൂടൂതൽ പരാതികൾ; 4 പരാതികൾ കൂടി റജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് 15 കോടിയിലധികം രൂപ തട്ടിയ കേസിൽ കൂടുതൽ പരാതികൾ. 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മൂന്ന് പരാതികൾ കന്‍റോൺമെന്‍റ് പൊലീസിനും ഒരെണ്ണം മ്യൂസിയം പൊലീസിനുമാണ് ലഭിച്ചത്. മൂന്ന് പേർക്ക് 10 ലക്ഷം രൂപ വീതവും മറ്റൊരാൾക്ക് ഏഴ് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ആറ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടൈറ്റാനിയം പ്രൊഡക്ട്സിൽ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് 29 പേരിൽ നിന്ന് പണം വാങ്ങിയതായി കേസിൽ അറസ്റ്റിലായ ദിവ്യ ജ്യോതിയുടെ (ദിവ്യ നായർ- 41) ഡയറി രേഖകൾ വ്യക്തമാക്കുന്നു. അതിനാൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൂടുതൽ പരാതികൾ ലഭിച്ചാൽ കേസ് പ്രത്യേക സംഘത്തിനോ ജില്ലാ ക്രൈംബ്രാഞ്ചിനോ കൈമാറുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻകുമാർ പറഞ്ഞു. ടൈറ്റാനിയം ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ ആൻഡ് ലീഗൽ) എൻ ശശികുമാരൻ തമ്പി ഉൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ദിവ്യയുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ, ബോഡി ബിൽഡറും പവർലിഫ്റ്റിംഗ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ സി.എസ്.ശ്യാംലാൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.