പുതുവർഷരാവിൽ ദുബൈയിൽ കൂടുതൽ നിയന്ത്രണങ്ങൾ, മാസ്ക് ധരിക്കാത്തവർക്ക് 3000 ദിർഹം പിഴ

പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്നതിനിടെ ആഘോഷങ്ങളുടെ പറുദീസയായ ദുബൈയിൽ കൂടുതൽ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റിൻ്റെ പരമാധികാര സമിതിയാണ് പുതുവത്സരാഘോഷങ്ങൾക്ക് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ മുഴുവൻ സമയവും മാസ്ക് ധരിച്ചിരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. നിർദേശങ്ങൾ പാലിക്കാത്തവർക്ക് 3000 ദിർഹം പിഴ ചുമത്തും. മറ്റെല്ലാ സംരക്ഷണ നടപടികൾക്കും പുറമേ, സാമൂഹിക അകലം നിർബന്ധമായും പാലിക്കുകയും വേണം.

സമൂഹത്തിലെ ഓരോ അംഗവും തങ്ങളുടെ കുടുംബങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനായി മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്ന് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസ്താവനയിൽ പറഞ്ഞു.

പുതുവർഷ ആഘോഷ രാവിലെ കരിമരുന്ന് പ്രയോഗം ആസ്വദിക്കാനായി 29 ഇടങ്ങളിലായി പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ അന്തരീക്ഷത്തിലിരുന്ന് ആഘോഷങ്ങളിൽ പങ്കാളികളാകാൻ എല്ലാവർക്കും അവസരം ഒരുക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി അറിയിപ്പിൽ പറയുന്നു.

Related Posts