പൊലീസിൽ അഴിച്ചുപണി; 160-ലേറെ എസ്എച്ച്ഒമാരെ സർക്കാർ സ്ഥലം മാറ്റും
തിരുവനന്തപുരം: പൊലീസ്-ഗുണ്ടാ കൂട്ടുകെട്ട് പുറത്തായതോടെ മുഖം രക്ഷിക്കാൻ വ്യാപകമായ അഴിച്ചുപണിയുമായി സർക്കാർ രംഗത്ത്. സംസ്ഥാനത്തൊട്ടാകെ 160ൽ അധികം എസ്എച്ച്ഒമാരെ സ്ഥലം മാറ്റും. തിരുവനന്തപുരം മംഗലാപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റും. ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാർക്കെതിരെയും നടപടിയുണ്ടാകും. ഗുണ്ടകളുമായുള്ള ബന്ധം, സാമ്പത്തിക തർക്കങ്ങളിൽ ഇടപെടൽ, ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കൽ, അവിഹിത ബന്ധം തുടങ്ങിയവയാണ് സ്ഥിതി വഷളാകാൻ കാരണം. ഗുണ്ടകളെ അടിച്ചമർത്താൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും സേനയിൽ നിന്ന് ചോർന്ന വിവരങ്ങളിൽ നിന്ന് ഗുണ്ടകൾക്ക് ഉടൻ രക്ഷപ്പെടാൻ കഴിയും. ഇന്നലെ സസ്പെൻഷനിലായ നാല് സി.ഐമാർ, ഒരു എസ്.ഐ, ഒരു ഡിവൈ.എസ്.പി എന്നിവർക്കെതിരായ ഇന്‍റലിജൻസ് റിപ്പോർട്ട് നേരത്തെ പൊലീസ് ആസ്ഥാനത്ത് ലഭിച്ചിരുന്നു. എന്നാൽ ഒന്നും തൊടാതെ അവരെ ക്രമസമാധാന ചുമതലയിൽ നിലനിർത്തി. ഒടുവിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ഗുണ്ടകൾ തലയ്ക്കടിച്ച് കിണറ്റിലെറിഞ്ഞതോടെയാണ് നാണക്കേട് നീക്കാൻ സർക്കാർ ശുദ്ധീകരണ യജ്ഞത്തിന് തുടക്കമിട്ടത്. മണ്ണ് മാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്ന പേരിലാണ് മംഗലാപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റുന്നത്. മംഗലാപുരം സ്റ്റേഷൻ പരിധിയിൽ ഗുണ്ടകൾ രണ്ട് തവണ ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിമർശനമുയർന്നിരുന്നു.