ഈജിപ്തിൽ 2000ത്തിലധികം ആട്ടിൻതലകൾ മമ്മിഫൈ ചെയ്ത നിലയിൽ കണ്ടെത്തി

ഈജിപ്തിന്‍റെ തെക്കൻ മേഖലയിലെ ഒരു പ്രദേശത്ത് നിന്ന് 2,000 ലധികം മമ്മിഫൈ ചെയ്ത ആട്ടിൻതലകൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. ഈ ആടുകളെ ഫറവോൻ റാംസെസ് രണ്ടാമന്‍റെ ദേവാലയത്തിൽ വഴിപാടായി സമർപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. ടൂറിസം, പുരാവസ്തു മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.  ക്ഷേത്രങ്ങൾക്കും ശവകുടീരങ്ങൾക്കും പേരുകേട്ട തെക്കൻ ഈജിപ്തിലെ ഈ പ്രദേശത്ത് നിന്ന് അബിഡോസിലെ ന്യൂയോർക്ക് സർവകലാശാലയിലെ യുഎസ് പുരാവസ്തു ഗവേഷകരുടെ ഒരു സംഘം ഇതിനകം നായ്ക്കൾ, ആടുകൾ, പശുക്കൾ, റെയിൻഡിയർ, കീരി എന്നിവയുടെ മമ്മികൾ പുറത്തെടുത്തിരുന്നു. റാംസെസ് രണ്ടാമന്‍റെ മരണത്തിന് 1,000 വർഷങ്ങൾക്ക് ശേഷം നടന്ന ഒരു ആരാധനയിലാവാം ഇപ്പോൾ പുറത്തെടുത്ത ആടുകളെ വഴിപാടായി സമർപ്പിച്ചിരുന്നതെന്നാണ് അമേരിക്കൻ മിഷൻ മേധാവി സമേഹ് ഇസ്‌കന്ദർ വ്യക്തമാക്കുന്നത്. ബിസി 1304 മുതൽ 1237 വരെയുള്ള ഏഴ് പതിറ്റാണ്ടാണ് റാംസെസ് ഭരിച്ചിരുന്നത്.  ഈ കണ്ടെത്തൽ റാംസെസ് രണ്ടാമന്‍റെ ദേവാലയത്തെക്കുറിച്ചും മറ്റും സാധ്യമായ എല്ലാ വിവരങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്‍റിക്വിറ്റീസ് മേധാവി മൊസ്തഫ വസീരി പറഞ്ഞു. 


Related Posts