കരുതലും കൈത്താങ്ങും: ജില്ലയില്‍ പരിഹരിച്ചത് 87 ശതമാനത്തിലധികം പരാതികള്‍

മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലായോഗം സെപ്തം. 7ന് തൃശൂരില്‍

തൃശൂർ : ജില്ലയിലെ ഏഴ് താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളില്‍ ലഭിച്ച അപേക്ഷകളില്‍ 87 ശതമാനത്തിലധികം പരാതികള്‍ ഒരുമാസത്തിനകം പരിഹരിച്ചതായി പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കരുതലും കൈത്താങ്ങും അദാലത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അദാലത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ നടത്തിവരികയാണ്. പരാതികള്‍ക്ക് സത്വര പരിഹാരം കാണുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് ജില്ല കാഴ്ചവച്ചത്. ബാക്കിയുള്ള പരാതികള്‍ കൂടി പരിഹരിക്കുന്നതില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ കെട്ടിവെക്കുകയല്ല വേണ്ടത്. ലഭിക്കുന്ന പരാതികള്‍ യഥാസമയം പരിഹരിക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാ വകുപ്പുകളിലും സംവിധാനം വരണം. കൃത്യമായ ഇടവേളകളില്‍ അവലോകന യോഗം ചേരാനും വകുപ്പുകള്‍ തയ്യാറാവണം. പരാതികള്‍ക്ക് പുറമെ ജില്ലയുടെ പ്രത്യേക പ്രശ്‌നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഒരുമാസത്തിനിടെ കൃത്യമായ ഇടപെടല്‍ നടത്തി അദാലത്ത് വലിയ വിജയമാക്കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും സര്‍ക്കാരിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്‍ അഭിനന്ദിച്ചു.

അദാലത്തില്‍ വന്ന പരാതികളിലും അപേക്ഷകളിലും സാങ്കേതികമായ മറുപടി മാത്രം നല്‍കി അവസാനിപ്പിച്ച കേസുകളുണ്ടെങ്കില്‍ അവ പുനപ്പരിശോധിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു. കേവലം ഫയല്‍ ക്ലോസ് ചെയ്യലല്ല അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കണ്ണീരോടെ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ആത്മാര്‍ഥമായ പരിഹാരം ഉണ്ടാകണം. തൃശൂരില്‍ സെപ്തംബര്‍ ഏഴിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലാതല അവലോകനയോഗത്തില്‍ വ്യക്തിഗത പരാതികള്‍ക്ക് പുറമെ ജില്ലയുടേതായ വികസനപ്രശ്‌നങ്ങളും പരിഗണിക്കും. സുതാര്യത, ജനസൗഹാര്‍ദപരമായ പെരുമാറ്റം, ആര്‍ജവത്തോടെയുള്ള ഇടപെടല്‍, അഴിമതിരഹിതമായ പ്രവര്‍ത്തനം എന്നിവ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. മികച്ച തുടര്‍പ്രവര്‍ത്തനം കാഴ്ചവെച്ച എല്ലാ വകുപ്പുദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിന് വേണ്ടി നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

അദാലത്തുകളില്‍ മന്ത്രിമാര്‍ കാണിച്ചുതന്ന മാതൃകയില്‍ മറ്റു പരാതികളും പരിഹരിക്കാന്‍ തയ്യാറാകണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തില്‍ ജില്ലയുടേതായ പ്രശ്‌നങ്ങളും വികസന പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യും. ദേശീയപാത, തീരദേശപാത, മലയോരപാത, വിവിധ പദ്ധതികള്‍, വകുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അവലോകനം ചെയ്യും. അദാലത്തുകള്‍ ഒറ്റത്തവണ നടത്തി അവസാനിപ്പിക്കാനല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ പ്രക്രിയയായി തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

അദാലത്തില്‍ ലഭിച്ച പരാതികളില്‍ ഓരോ വകുപ്പുകളിലും തീര്‍പ്പാകാതെ കിടക്കുന്നവ ഏതൊക്കെയെന്ന് യോഗം പരിശോധിച്ചു. തുടര്‍ നടപടികള്‍ വേഗത്തിലാക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ അധ്യക്ഷനായി. സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, എഡിഎം ടി മുരളി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts