മകളുടെ സ്കൂളിലെ ബസ് ഓടിക്കാൻ അമ്മ; കേരളത്തിലെ ആദ്യ വനിതാ സ്കൂൾ ബസ് ഡ്രൈവറായി സുജ
തിരുവനന്തപുരം: കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യ വനിതാ സ്കൂൾ ബസ് ഡ്രൈവർ എന്ന നേട്ടം തിരുവനന്തപുരം സ്വദേശിനി സുജക്ക് സ്വന്തം. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ ബസാണ് സുജ ഓടിക്കുന്നത്. മകൾ പഠിക്കുന്നതും ഇതേ സ്കൂളിൽ തന്നെ. കോട്ടൺഹിൽ സ്കൂളിലെ കുട്ടികളെ സുരക്ഷിതമായി സ്കൂളിലേക്ക് കൊണ്ടുവരാനും, തിരികെ വീട്ടിൽ എത്തിക്കാനും ഈ അമ്മ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടാവും. ചെറുപ്പം മുതൽ വാഹനങ്ങളോട് പ്രിയമുള്ള സുജ പതിനെട്ടാം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് നേടി. 2008 ൽ കെ.എസ്.ആർ.ടി.സി യിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചശേഷം ആഗ്രഹപ്രകാരം 2014 ൽ ഹെവി ലൈസൻസും സ്വന്തമാക്കി. അമ്മ സ്കൂൾ ബസ് ഡ്രൈവർ ആയി എത്തിയതിൽ മകൾക്കും സന്തോഷം. എല്ലാവിധ പിന്തുണയോടെ ഭർത്താവും കൂടെ ഉണ്ടായിരുന്നു.