അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 90ാം പിറന്നാള്‍. ഒരു കാലഘട്ടത്തിന്റെ ജീവിത വ്യഥകളെ ആവിഷ്‌കരിച്ചതോടൊപ്പം ഭാവനയുടെ അനന്ത വിഹായസ്സിലേക്ക് അദ്ദേഹം മലയാളിയെ കൈപിടിച്ചുയര്‍ത്തി. കൊഴിഞ്ഞു പോയ പതിറ്റാണ്ടുകളില്‍ അടര്‍ന്നുവീണ ജീവിതയാത്രയുടെ നാലുകെട്ടുകളിലെ മനുഷ്യര്‍ എം ടിയുടെ പേനത്തുമ്പിലൂടെ അവരുടെ കഥകള്‍ പറഞ്ഞു. മനീഷയുടെ അക്ഷയഖനിയില്‍ നിന്നു പിറന്ന അക്ഷരങ്ങള്‍ വായനക്കാരന്റെ ഹൃത്തടത്തില്‍ മഞ്ഞുപെയ്യുന്ന അനുഭൂതികള്‍ സൃഷ്ടിച്ചു.

ജീവിതം കരുതിവച്ച നിസ്സഹായതക്കും പ്രസാദാത്മകതക്കും ഇടയിലെ വിഹായസ്സിലൂടെ കഥാപാത്രങ്ങള്‍ സഞ്ചരിച്ചു. ബാല്യകാലത്തെ പൊള്ളുന്ന ഓര്‍മ്മകള്‍ എഴുത്തില്‍ കരുത്തായി നിന്നു. കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും രണ്ടാമൂഴത്തിലെ ഭീമനും മുന്നില്‍ മലയാള വായനാലോകം പിന്നെയും അലിഞ്ഞു. കാത്തിരിപ്പില്‍ പെയ്തിറങ്ങിയ മഞ്ഞും കടല്‍കടന്നുപോയ ഷെര്‍ലക്കുമെല്ലാം മലയാളത്തിന്റെ ക്ലാസിക്കുകളായി. പുരാണങ്ങളെ പുനരാഖ്യാനം ചെയ്ത് ഇതിഹാസ മാനങ്ങള്‍ അദ്ദേഹം കണ്ടെത്തി.

തൊണ്ണൂറാം പിറന്നാള്‍ ദിനത്തില്‍ പ്രിയങ്കരനായ എഴുത്തുകാരനു കേരളക്കര എംടിക്ക് ആശംസകള്‍ നേരുകയാണ്. സ്‌കൂള്‍ കാലഘടത്തില്‍ തന്നെ എം ടി ജീവിത പരിസരങ്ങളില്‍ നിന്നു കഥകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തി. ബിരുദ വിദ്യാഭ്യാസ കാലത്ത് എത്തുമ്പോഴേക്കും ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന കഥാസമാഹാരം പിറന്നു കഴിഞ്ഞിരുന്നു. വായനക്കാരന്റെ ഹൃദയത്തോട് സംസാരിക്കുന്ന എഴുത്തു ശൈലി തന്നെയായിരുന്നു എം ടിയുടെ കൈമുതല്‍. പത്രാധിപര്‍ എന്ന നിലയില്‍ എത്രയോ പ്രതിഭകളെ അദ്ദേഹം കണ്ടെത്തി.

ഗദ്യസാഹിത്യത്തെ ജനപ്രിയമാക്കിയ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ എം ടിയെന്ന രണ്ടക്ഷരത്തില്‍ തിളങ്ങിനിന്നു. ഭാവനയെ എം ടി വെള്ളിത്തിരയിലേക്കു പകര്‍ത്തിയപ്പോള്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവങ്ങള്‍ പിറന്നു. ശബ്ദായമാനമായ അന്തരീക്ഷത്തില്‍ അദ്ദേഹം മൗനത്തിന്റെ മുഴക്കങ്ങള്‍ സൃഷ്ടിച്ചു. അതിരുകളില്ലാത്ത വായനയിലും മനനത്തിലും മുഴുകി അദ്ദേഹം അറിഞ്ഞ ലോകങ്ങള്‍ അക്ഷര മാല്യങ്ങളായി പുനര്‍ജനിക്കുന്നതു കണ്ട് ഇന്നും അമ്പരന്നു നില്‍ക്കുകയാണു മലയാളികള്‍.

Related Posts