അഫ്ര പറഞ്ഞു മലയാളി ഒറ്റക്കെട്ടായി ഏറ്റെടുത്തു; ഇനി പണം അയക്കേണ്ട; മുഹമ്മദിന്റെ ചികിത്സക്കുള്ള 18 കോടി കിട്ടി.

കണ്ണൂർ:

സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാൻവേണ്ടി സഹായം തേടിയ കണ്ണൂർ പഴയങ്ങാടിയിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചുവെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നാണ് കുടുംബം അറിയിച്ചത്. ഇനി മരുന്ന് വിദേശത്ത് നിന്ന് എത്തിക്കുകയും ഒരു ഡോസ് മുഹമ്മദിന് കുത്തി വയ്ക്കുകയും ചെയ്‌യുന്നതോടെ മുഹമ്മദ് സാധാരണ ജീവിതത്തിലേക്ക് എത്തും.

പതിനായിരത്തിലൊരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണ് സ്പൈനൽ മസ്കുലാർ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന് രണ്ട് വയസ് ആകുന്നതിന് മുൻപ് സോൾജൻസ്മ എന്ന ലോകത്തിലെ വിലകൂടിയ മരുന്ന് ഒരു ഡോസ് കുത്തിവെക്കണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മരുന്ന് ഒരു ഡോസിന് 18 കോടി രൂപയാണ്. എന്നാൽ ഈ തുക സമാഹരിക്കാനാവാതെ ദുരിതത്തിലായിരുന്നു കുടുംബം. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. രോഗം തിരിച്ചറിയാൻ വൈകിയതോടെയാണ് അഫ്ര വീൽചെയറിലായത്. ആ ഗതി മുഹമ്മദിനെങ്കിലും വരാതിരിക്കാൻ നിരവധി സുമനസുകളാണ് കൈകോർത്തത്.

Related Posts