നൂറ് ബില്യൺ ഡോളർ ക്ലബ്ബിലേക്ക് നടന്നടുത്ത് മുകേഷ് അംബാനി

നൂറ് ബില്യൺ അമേരിക്കൻ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ക്ലബ്ബിൽ മുകേഷ് അംബാനി അധികം വൈകാതെ ഇടം പിടിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. 92.6 ബില്യൺ ഡോളറാണ് നിലവിൽ അംബാനിയുടെ ആസ്തി. 92.9 ബില്യൺ ഡോളർ ആസ്തിയുള്ള, ലോകത്തിലെ ഏറ്റവും വലിയ കോസ്മെറ്റിക് കമ്പനിയായ ലോറിയലിൻ്റെ ഉടമയും ഏറ്റവും സമ്പന്ന വനിതയുമായ ഫ്രഞ്ചുകാരി ഫ്രോൺസ്വാസ് ബെറ്റൻ കോർട്ട് മെയേഴ്സ് ആണ് ക്ലബ്ബിൽ ഇടം നേടാൻ മുന്നേറുന്ന മറ്റൊരു വ്യക്തി.

ഗ്രീൻ എനർജി രംഗത്തെ വമ്പൻ മുതൽ മുടക്കാണ് അംബാനിയുടെ ഓഹരി മൂല്യത്തിൽ വൻ വർധന കൊണ്ടുവന്നത്. 'ജിയോ'യുടെ കടന്നുവരവ് ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ മേഖലയിൽ വമ്പൻ ചലനങ്ങളാണ് സൃഷ്ടിച്ചത്. റിലയൻസിൻ്റെ ഡിജിറ്റൽ ഓപ്പറേഷൻ രംഗത്ത് ഫേസ്ബുക്ക് അടക്കമുള്ള അതികായന്മാരാണ് നിക്ഷേപം ഇറക്കിയിരിക്കുന്നത്. റിലയൻസിൻ്റെ എണ്ണ ശുദ്ധീകരണ വ്യവസായത്തിൽ സൗദി ആരാംകോ ഇറക്കാനിരിക്കുന്നത് 25 ബില്യൺ ഡോളറിൻ്റെ നിക്ഷേപമാണെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നു. ക്ലീൻ എനർജി രംഗത്ത് 10 ബില്യൺ ഡോളർ മുതലിറക്കുമെന്ന അംബാനിയുടെ പ്രഖ്യാപനം വന്നതോടെ റിലയൻസിൻ്റെ ഓഹരി മൂല്യത്തിൽ 4.1 ശതമാനം വർധനവ് രേഖപ്പെടുത്തി.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ് നൂറ് ബില്യൺ ഡോളർ ക്ലബ്ബിലെ ഒന്നാം സ്ഥാനക്കാരൻ. 200 ബില്യൺ ഡോളറിലേറെയാണ് ബെസോസിൻ്റെ ആസ്തി. 190 ബില്യൺ ഡോളർ ആസ്തിയുള്ള ഇലോൺ മസ്ക് ആണ് രണ്ടാം സ്ഥാനത്ത്. ബെർനാഡ് അർനോൾട്ട് (181 ബില്യൺ), മാർക്ക് സുക്കർ ബർഗ് (135) ബില്യൺ), ബിൽ ഗേറ്റ്സ് (133 ബില്യൺ), വാറൻ ബഫറ്റ് (103 ബില്യൺ) തുടങ്ങിയവരും പട്ടികയിലുണ്ട്.

Related Posts