അമ്മയുടെ ഒക്കത്തിരുന്ന് പൃഥ്വി അംബാനി സ്കൂളിലേക്ക്; വൈറലായി മുകേഷ് അംബാനിയുടെ പേരക്കുട്ടിയുടെ വീഡിയോ
മുകേഷ് അംബാനിയുടെ പേരക്കുട്ടി പൃഥ്വി അംബാനി ആദ്യമായി സ്കൂളിൽ എത്തിയ ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അംബാനിയുടെ മൂത്ത മകൻ ആകാശിൻ്റെയും ശ്ലോക മേഹ്ത്തയുടെയും മകനാണ് പൃഥ്വി. 2019-ലാണ് ഇരുവരും വിവാഹിതരായത്. 2020 ഡിസംബർ 10-നാണ് പൃഥ്വിയുടെ ജനനം.
അമ്മ ശ്ലോകയുടെ ഒക്കത്തിരുന്ന് പൃഥ്വി എലിമെൻ്ററി സ്കൂളിലെത്തുന്ന വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് ഇൻ്റർനെറ്റിൽ വൈറലായത്. ആകാശും ശ്ലോകയും പഠിച്ച മലബാർ ഹില്ലിലെ സൺ ഫ്ലവർ സ്കൂളിലാണ് പൃഥ്വിയെയും ചേർത്തിരിക്കുന്നത്. ഒരു പേപ്പർ സൺ ഫ്ലവർ കൈയിലേന്തിയാണ് അമ്മയുടെ ഒക്കത്തുള്ള കുഞ്ഞിൻ്റെ ഇരിപ്പ്.
പൃഥ്വിയുടെ വിദ്യാഭ്യാസം ഇന്ത്യയിൽ ആകുമെന്ന് മാതാപിതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിലെ ഇളമുറക്കാരൻ തികച്ചും സാധാരണമായ ജീവിതമാണ് നയിക്കുകയെന്ന് അവർ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ പൃഥ്വിയുടെ ജന്മദിനം ഗംഭീരമായാണ് കുടുംബം ആഘോഷിച്ചത്.