കുഞ്ഞു 'കിയാര' വെള്ളിത്തിരയിലേക്ക്; സന്തോഷ വാർത്തയുമായി അമ്മ മുക്ത ഇൻസ്റ്റഗ്രാമിൽ

അഞ്ചു വയസ്സുകാരി മകൾ കൺമണി എന്ന കിയാര അഭിനയ രംഗത്തേക്ക് കടന്നു വരുന്ന സന്തോഷ വാർത്ത പങ്കുവെച്ച് പ്രശസ്ത അഭിനേത്രിയും മോഡലുമായ മുക്ത ഇൻസ്റ്റഗ്രാമിൽ.

കൺമണി കുട്ടിയുടെ പുതിയ തുടക്കം ആണെന്നും എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും കുഞ്ഞിന് വേണമെന്നുമുള്ള കുറിപ്പോടെയാണ് കിയാരയുടെ അരങ്ങേറ്റ വാർത്ത മുക്ത ഷെയർ ചെയ്തിട്ടുള്ളത്.

എം പത്മകുമാർ സംവിധാനം ചെയ്യുന്ന 'പത്താം വളവ് ' എന്ന ചിത്രത്തിലൂടെയാണ് അഞ്ചു വയസ്സുകാരി കിയാരയുടെ വെള്ളിത്തിരയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രജിത്തും നായക വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ അദിതി രവിയും സ്വാസികയുമാണ് നായികമാർ. രതീഷ് റാം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൻ്റെ രചന അഭിലാഷ് പിള്ളയാണ്. തൊടുപുഴയിലും വാഗമണ്ണിലുമായി ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻ്റെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും.

പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ജീവിത പങ്കാളി. കിയാര കുട്ടിയുടെ പാട്ടും മോണോ ആക്റ്റും കുക്കറി ഷോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ റിമി ടോമി ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. അതിനാൽ സോഷ്യൽ മീഡിയയിലും പ്രിയങ്കരിയാണ് കുഞ്ഞു കിയാര.

അഭിനേത്രി എന്നതിനു പുറമേ മോഡലിങ്ങ് രംഗത്തും ശ്രദ്ധേയയായ മുക്ത ഒരു മേക്കപ്പ് ആർട്ടിസ്റ്റു കൂടിയാണ്. എൽസ ജോർജ് എന്നാണ് മുക്തയുടെ യഥാർത്ഥ പേര്. 'ഒറ്റ നാണയം' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത ലാൽ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട് ' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗോൾ, നസ്രാണി, കാഞ്ചീപുരത്തെ കല്യാണം, ചാവേർപ്പട, ചിറകൊടിഞ്ഞ കിനാവുകൾ, ഇമ്മാനുവൽ, താമരഭരണി, രസികർ മൻട്രം, സട്ടപ്പടി കുറ്റ്റം, മൂൻട്രു പേർ മൂൻട്രു കാതൽ, ദേശിങ്കു രാജ, വായ്മൈ തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയമായ വേഷങ്ങൾ മുക്ത ചെയ്തിട്ടുണ്ട്. സീരിയലുകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയാണ്.

Related Posts