മുല്ലപ്പെരിയാർ ഡാമിൽ ഉടൻ സ്വതന്ത്രസമിതിയുടെ സുരക്ഷാ പരിശോധന വേണം; പിന്തുണച്ച് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സ്വതന്ത്ര സമിതി അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് സംസ്ഥാനം. ഇത് സംബന്ധിച്ച് സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പരിശോധനയ്ക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം സ്വദേശി ജോ ജോസഫ് കഴിഞ്ഞ നവംബറിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം. പുതിയ ഡാം സേഫ്റ്റി ആക്ട് നടപ്പാക്കുന്നതുവരെ മേൽനോട്ട സമിതിക്ക് പൂർണ അധികാരം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനിൽക്കെ, സമിതി രണ്ട് തവണ യോഗം ചേർന്നു. കഴിഞ്ഞ വർഷം ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ നടന്ന യോഗങ്ങളിൽ സുരക്ഷാ പരിശോധന നടത്തണമെന്ന നിർദേശമുണ്ടായെന്നു വ്യക്തമാക്കുന്നതാണ് സംസ്ഥാന ജലസേചന വകുപ്പിന്‍റെ സത്യവാങ്മൂലം.



Related Posts