മുല്ലപ്പെരിയാർ ഡാം പൊളിച്ചുകളയണം, സോഷ്യൽ മീഡിയയിൽ സിനിമാ താരങ്ങളുടെ പോസ്റ്റർ പ്രചാരണം
മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന വാദം ഉയർത്തിയുള്ള പോസ്റ്റർ പ്രചാരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നു. സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഡാമിന്റെ സുരക്ഷയെ ചൊല്ലിയുള്ള മുറവിളികൾക്ക് പിന്തുണ നൽകി രംഗത്ത് വരുന്നത്.
നേരത്തേ നടൻ പൃഥ്വിരാജിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുല്ലപ്പെരിയാർ ഡീകമ്മിഷൻ ക്യാമ്പയ്ൻ ശ്രദ്ധ നേടിയത്. 125 വർഷം പഴക്കമുളള ഡാം ഇപ്പോഴും നിലനിൽക്കുന്നതിനു പിന്നിലെ കാരണങ്ങൾ എന്താണെങ്കിലും അതിന്റെ സുരക്ഷ അപകടത്തിലാണ് എന്നാണ് നടൻ പറഞ്ഞത്. രാഷ്ടീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ഡാം ഡീകമ്മിഷൻ ചെയ്യാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും താരം അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന് പിന്നാലെ നിരവധി പേരാണ് ഇതേ ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
ഇതൊരു കൂട്ട നിലവിളിയാണെന്നും ഇതിൽ എല്ലാവരും പങ്കുചേർന്നേ പറ്റൂ എന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഓരോ ദുരന്ത സന്ധിയിലും ഉയർന്നു കേൾക്കുന്ന നിലവിളിയാണിത്. ഒച്ചയിട്ടാലേ സത്യത്തിന് പോലും മെച്ചമുളളൂ എന്നും തന്റെ കുറിപ്പിൽ അദ്ദേഹം പറയുന്നു. സിദ്ദിഖ്, ജോജു ജോർജ്, ഉണ്ണി മുകുന്ദൻ, റിമി ടോമി തുടങ്ങി നിരവധി പേർ ക്യാമ്പയ്നിൻ്റെ ഭാഗമായി പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.