മുല്ലപ്പെരിയാർ ഇന്ന് സുപ്രീം കോടതിയിൽ
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കൂട്ടം പരാതികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 126 വർഷം പഴക്കമുളള അണക്കെട്ടിൻ്റെ സുരക്ഷയെച്ചൊല്ലി കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കങ്ങൾ തുടരുകയാണ്.
കേരളം ഉയർത്തുന്ന പുതിയ എതിർപ്പുകളിൽ മറുപടി പറയാൻ കൂടുതൽ സമയം ആവശ്യമാണെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡെ അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കറും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച്, കഴിഞ്ഞ വെള്ളിയാഴ്ച, വിഷയം പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
സ്പിൽവേ ഷട്ടറുകൾ വഴി കുറഞ്ഞ സമയത്തിനുളളിൽ വളരെ വലിയ അളവിൽ വെള്ളം തുറന്നു വിടുന്ന തമിഴ്നാടിൻ്റെ പ്രവൃത്തി പ്രദേശവാസികളുടെ സുരക്ഷ പരിഗണിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി കേരളമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്പിൽവേ വഴി വെള്ളം തുറന്നുവിടാൻ ഒരു ജോയിൻ്റ് ടെക്നിക്കൽ ഓൺ സൈറ്റ് കമ്മിറ്റി രൂപീകരിക്കണമെന്നും അതിൽ ഇരുഭാഗത്തുനിന്നും രണ്ട് വിദഗ്ധരെ ഉൾക്കൊള്ളിക്കണമെന്നുമാണ് കേരളത്തിൻ്റെ ആവശ്യം.