സൗദിയിൽ മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ല

റിയാദ്: സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസകൾ ഓൺലൈനായി പുതുക്കാൻ കഴിയില്ലെന്ന് അധികൃതർ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അധികൃതർ പറഞ്ഞു. വിസ പുതുക്കാൻ സൗദി അറേബ്യയ്ക്ക് പുറത്തേക്ക് പോകേണ്ട ആവശ്യമില്ലെന്നും കാലാവധി കഴിയുന്നതിന് ഏഴ് ദിവസത്തിനുള്ളിൽ പാസ്പോർട്ട് ഡയറക്ടറേറ്റിന്‍റെ (ജവാസത്ത്) ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'അബ്ശിർ' വഴി പുതുക്കാൻ കഴിയുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സൗദി അറേബ്യയിൽ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ പുതുക്കുന്നതിന് വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടേണ്ടത് നിർബന്ധമാണ്. വിസ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കും. എന്നിരുന്നാലും, സിംഗിൾ എൻട്രി വിസയാണെങ്കിൽ, നിബന്ധനകൾക്ക് വിധേയമായി ഡയറക്ടറേറ്റിന്‍റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'അബ്ശിർ' വഴി പാസ്പോർട്ട് പുതുക്കാം. അതേസമയം, സൗദി അറേബ്യയിലെ 'ഹുറൂബ്' നിയമത്തിൽ ഭേദഗതി വരുത്തി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. വിദേശ തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നെന്നോ ജോലിയിൽ നിന്ന് ഒളിച്ചോടുകയോ ചെയ്തുവെന്ന് ആരോപിച്ച് സ്പോൺസർ നൽകുന്ന പരാതിയിൽ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ് 'ഹുറൂബ്'. പരാതി ലഭിച്ചാൽ 'ഹുറൂബ്' എന്ന് സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് തൊഴിലാളിക്ക് രണ്ട് മാസത്തെ സാവകാശം അനുവദിക്കുന്നതാണ് നിയമത്തിലെ പുതിയ മാറ്റം.

Related Posts