മുംബൈ വീണ്ടും കൊവിഡ് ആശങ്കയിൽ
മുംബൈ വീണ്ടും കൊവിഡ് ആശങ്കയിൽ. കൊവിഡ് ഹോസ്പിറ്റലൈസേഷൻ 231% വർധിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. രണ്ടു മാസമായി രോഗവ്യാപനത്തിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മുംബൈയിലെ സർക്കാർ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗികളുടെ എണ്ണം കൂടി വരുന്നത് ആശങ്ക ഉയർത്തിയിരിക്കുന്നത്. ഏപ്രിലിനെ അപേക്ഷിച്ച് കൊവിഡ് രോഗബാധിതരുടെ എണ്ണം മുംബൈയിലെ ആശുപത്രികളിൽ ഗണ്യമായി വർധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് -19 സ്ഥിരീകരിച്ച് തിങ്കളാഴ്ച വരെ നഗരത്തിലെ ആശുപത്രികളിൽ 215 രോഗികളെയാണ് പ്രവേശിപ്പിച്ചത്. ഇത് ഏപ്രിലിൽ 65 ഉം മാർച്ചിൽ 149 ഉം ആയിരുന്നു. എന്നിരുന്നാലും, ഒമിക്‌റോൺ തരംഗത്തിൽ 19,200 കേസുകളാണ് മുംബൈയിൽ രേഖപ്പെടുത്തിയിരുന്നതെന്നും അത്തരമൊരു സാഹചര്യം ഇപ്പോഴില്ലെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു.
കൊവിഡ്-19 കൂടുതലും ബാധിച്ചിരിക്കുന്നത് 60 വയസ്സിന് മുകളിലുള്ളവരോ ഇതര രോഗാവസ്ഥകളുള്ളവരിലോ ആണെന്ന് അധികൃതർ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകൾ ആയിരം കവിയുന്നത് തുടരുകയാണെങ്കിൽ മഹാരാഷ്ട്ര വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുംബൈ സിറ്റി ഗാർഡിയൻ മന്ത്രി അസ്ലം ഷെയ്ഖ് മുന്നറിയിപ്പ് നൽകി.