മുംബൈ ഫിലിം ഫെസ്റ്റിവൽ; എൻട്രികൾ മാർച്ച് 15 വരെ ഓൺലൈനിൽ സ്വീകരിക്കും

17-ാമത് മുംബൈ ചലച്ചിത്രോത്സവത്തിലേക്കുള്ള എൻട്രികൾ മാർച്ച് 15 വരെ ഓൺലൈനിൽ സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരിൻ്റെ പിന്തുണയോടെ ഫിലിംസ് ഡിവിഷനും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ഡോക്യുമെന്ററി, ഷോർട് ഫിക്ഷൻ, ആനിമേഷൻ വിഭാഗങ്ങളിൽ മത്സരമുണ്ട്. 2022 മെയ് 29 മുതൽ ജൂൺ 4 വരെ മുംബൈയിലെ ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ വെച്ചാണ് മേള അരങ്ങേറുന്നത്. മാർച്ച് 15 വരെ എൻട്രികൾ സ്വീകരിക്കും. ചലച്ചിത്ര നിർമാതാക്കൾക്ക് വ്യത്യസ്‌ത മത്സര വിഭാഗങ്ങളിലെ സിനിമകളിൽ പ്രവേശിക്കുന്നതിന് www.miff.in അല്ലെങ്കിൽ https://filmfreeway.com/MumbaiInternationalFilmFestival-MIFF എന്ന സൈറ്റിൽ ലോഗിൻ ചെയ്യാം.

2019 സെപ്റ്റംബർ 1-നും 2021 ഡിസംബർ 31-നും ഇടയിൽ പൂർത്തിയാക്കിയ സിനിമകളാണ് പരിഗണിക്കുന്നത്. മികച്ച ഡോക്യുമെന്ററിക്ക് ഗോൾഡൻ ശംഖും 10 ലക്ഷം രൂപയും കാഷ് അവാർഡും ലഭിക്കും. വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്ക് കാഷ് അവാർഡ്, വെള്ളി ശംഖ്, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ സമ്മാനിക്കും.

'ആസാദി കാ അമൃത് മഹോത്സവ് ' ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ@75 എന്ന വിഷയത്തിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ നോൺ ഫീച്ചർ ഫിലിം മേഖലയിലെ ഉന്നത വ്യക്തിത്വത്തെ വി ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം നൽകി ആദരിക്കും. 10 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൂടുതൽ വിവരങ്ങൾക്ക്: ഫെസ്റ്റിവൽ ഡയറക്ടറേറ്റ് +91-22-23522252 / 23533275, miffindia@gmail.com

Related Posts