മുകേഷ് അംബാനിയുടെ വീടിൻ്റെ സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

അപരിചിതരായ രണ്ടു വ്യക്തികൾ സംശയാസ്പദമായ രീതിയിൽ വീട് തിരക്കിവന്നു എന്ന കാർ ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആൻ്റിലിയയുടെ സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.

തെക്കൻ മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള കംബാല ഹിൽ ഏരിയയിലാണ് അംബാനിയുടെ വീട്. 4 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. 27 നിലകളുണ്ട്. ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയ ലോകത്തെ ഏറ്റവും വലിയ ആഡംബര വസതികളിൽ ഒന്നാണ് ആൻ്റിലിയ. 2012 മുതൽ അംബാനി കുടുംബം അവിടെയാണ് താമസിക്കുന്നത്. ലണ്ടനിലേക്ക് താമസം മാറ്റുന്നു എന്ന മാധ്യമ റിപ്പോർട്ടുകൾ അംബാനി കുടുംബം ഈയിടെ തളളിയിരുന്നു.

വലിയ ബാക്ക്പാക്ക് ധരിച്ചെത്തിയ അപരിചിതരായ രണ്ടുപേർ അംബാനിയുടെ വീടിൻ്റെ ലൊക്കേഷൻ തിരക്കിയെത്തി എന്ന് ഒരു കാർ ഡ്രൈവറാണ് പൊലീസിൽ വിളിച്ചറിയിക്കുന്നത്. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം അംബാനിയുടെ വീടിനടുത്ത് കണ്ടെത്തിയ കേസിൽ അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ സുരക്ഷാ ഭീഷണി ഉയർന്നിരിക്കുന്നത്.

Related Posts