സെക്സ് ടൂറിസം റാക്കറ്റിനെ കെണിയിൽ കുരുക്കി മുംബൈ പൊലീസ്
സെക്സ് ടൂറിസം റാക്കറ്റിൽ പെടുത്തി പെൺകുട്ടികളെ നശിപ്പിക്കുന്ന സംഘത്തിൽ പെട്ടവരെ എയർപോർട്ടിൽ വിരിച്ച വലയിൽ കുടുക്കി മുംബൈ പൊലീസ്. യുവതികളെ കുരുക്കിലാക്കുന്ന പെൺവാണിഭ സംഘത്തെപ്പറ്റി മുംബൈ പൊലീസ് ക്രൈം ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരങ്ങളാണ് നാടകീയമായ സംഭവങ്ങളിലേക്ക് നയിച്ചത്.
'കസ്റ്റമേഴ്‌സ് ' ആയി വേഷം മാറിയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ സംഘത്തെ സമീപിച്ചത്. സ്ത്രീകളെ ഗോവയിലേക്ക് കൊണ്ടുപോകണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. അതുപ്രകാരം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തു നൽകുകയും ചെയ്തു. സ്ത്രീകളെയും കൊണ്ട് എയർപോർട്ടിൽ എത്തിയ സംഘത്തെ അവിടെവെച്ച് നാടകീയമായി പിടികൂടുകയായിരുന്നു. രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഇരകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അനാശാസ്യ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കഴിഞ്ഞ വർഷം പൊലീസിന്റെ പിടിയിലായ ഒരു സ്ത്രീയാണ് സംഘത്തെ നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.