മുന്നാക്ക സംവരണം; ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വിധി തിങ്കളാഴ്ച
ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം മുന്നാക്ക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. മുന്നാക്ക സംവരണത്തിനുള്ള 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ എന്നതാണ് ബെഞ്ച് പരിഗണിക്കുന്ന വിഷയം. സെപ്റ്റംബർ 13 മുതൽ ആറര ദിവസത്തെ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഹർജികൾ വിധി പറയാൻ മാറ്റിവച്ചത്. അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സന്നിഹിതനായിരുന്നു. മുന്നാക്ക സംവരണത്തെ എതിർക്കുന്നവരാണ് ഹർജി നൽകിയത്. അവരുടെ വാദങ്ങൾക്ക് ശേഷം, സർക്കാരുകൾ ഉൾപ്പെടെ അനുകൂലിച്ചുള്ള വാദങ്ങളും നടന്നു. എതിർവാദങ്ങൾ കേട്ട ശേഷം വിധി പറയാൻ ഹർജികൾ മാറ്റിവച്ചു.