സർക്കാർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളെല്ലാം ഡിഐജി ശ്രീജിത്ത് അന്വേഷിക്കുന്നതിൽ ദുരൂഹതയെന്ന് കെ മുരളീധരൻ

സംസ്ഥാന സർക്കാർ പ്രതിസ്ഥാനത്ത് വരുന്ന മുഴുവൻ കേസുകളിലും ഡിഐജി ശ്രീജിത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കപ്പെടുന്ന അവസ്ഥയാണെന്നും അതിൽ ദുരൂഹതയുണ്ടെന്നും കെ മുരളീധരൻ എം പി. ഡിഐജി ശ്രീജിത്ത് വരുന്നത് സർക്കാരിനെ രക്ഷിക്കാനും ആരോപണ വിധേയരാവുന്ന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം വിജയമാവില്ല. പുരാവസ്തു തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനാണെന്നും മുരളീധരൻ പറഞ്ഞു. മോൺസൺ കേസിൽ കോൺഗ്രസ്സുകാരെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾ വിലപ്പോവില്ല.

കോൺഗ്രസ്സിൽനിന്ന് ഇനിയും കുറച്ചുപേർ കൂടി പുറത്തു പോകാനുണ്ടെന്ന് മുരളീധരൻ പരിഹസിച്ചു. അതിനു ശേഷം എല്ലാം ശരിയാവുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നിർവാഹക സമിതിയംഗം പി വി ബാലചന്ദ്രൻ പാർട്ടി വിട്ടതിനെ പറ്റിയായിരുന്നു മുരളീധരന്റെ പരിഹാസം.

Related Posts