ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് മുരളി ഗോപി
ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടാൻ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും വലിയ പുരസ്കാരമെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കുറുപ്പ് എന്ന സിനിമയിലെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിലാണ് നടൻ ഷൈൻ ടോം ചാക്കോ അനുഗൃഹീത നടനാണ് എന്ന് ഭരത് ഗോപിയുടെ മകൻ അഭിപ്രായപ്പെട്ടത്. കഥാപാത്ര മികവിൽ ഷൈൻ മുൻപും പുരസ്കൃതനാണ്. ഗദ്ദാമയിൽ അഭിനയിക്കുമ്പോൾ താൻ ഒപ്പം ഉണ്ടായിരുന്നു. കുറുപ്പിലെ ഭാസിപിള്ള ഒരു സ്വർണപ്പതക്കമാണ്.
"കുറുപ്പ് കാണാൻ വൈകി. ഇപ്പോഴാണ് ഭാസിപിള്ളയെ കാണാൻ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടാൻ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കിൽ, ഒരേയൊരു...പാവന പുരസ്കാരം. ആ നിലയിൽ, ഇതിനു മുൻപും ഷൈൻ പുരസ്കൃതനാണ്. ഇത് ഒരു സ്വർണപ്പതക്കവും. 'ഗദ്ദാമ'യിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്നവൻ എന്ന നിലയിലും, ഒരു ജ്യേഷ്ഠ സഹോദരൻ എന്ന നിലയിലും അഭിമാന നിമിഷം," സോഷ്യൽ മീഡിയ കുറിപ്പിൽ മുരളി ഗോപി പറയുന്നു.
ഷൈൻ്റെ അഭിനയ ജീവിതത്തിൽ വലിയ ഉയർച്ചകൾ ഇനിയും ഉണ്ടാകട്ടെ എന്ന പ്രാർഥനയോടെയാണ് മുരളി ഗോപിയുടെ കുറിപ്പ് അവസാനിക്കുന്നത്.