അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം; സാജുവിനെതിരെ കൊലക്കുറ്റം ചുമത്തും
കോട്ടയം: യുകെയിലെ മലയാളി നഴ്സായ അഞ്ജുവിനെ ഭർത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ്. ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് കോട്ടയത്തുള്ള അഞ്ജുവിന്‍റെ കുടുംബത്തെ അറിയിച്ചു. വൈക്കം മറവന്തുരുത്തിന് സമീപം കുലശേഖരമംഗലം സ്വദേശിനി നഴ്സ് അഞ്ജു, ആറ് വയസുള്ള മകൻ ജീവ, നാല് വയസുള്ള മകൾ ജാൻവി എന്നിവരാണ് മരിച്ചത്. യുകെയിലെ കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് വരാത്തതിനാൽ സഹപ്രവർത്തകർ താമസസ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു അഞ്ജു. പിന്നാലെ അഞ്ജുവിന്‍റെ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം ബ്രിട്ടീഷ് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫോണിൽ സംസാരിക്കുമ്പൊഴെല്ലാം മകൾ സങ്കടത്തിലായിരുന്നുവെന്ന് അഞ്ജുവിന്‍റെ അച്ഛൻ അശോകൻ പറഞ്ഞു. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ബ്രിട്ടനിലേക്ക് പോയ സാജു ജോലി ലഭിക്കാത്തതിൽ നിരാശനായിരുന്നു. നാട്ടിലേക്ക് പണം അയയ്ക്കാൻ കഴിയാത്തതിൽ അഞ്ജുവിനും സാജുവിനും വിഷമമുണ്ടായിരുന്നെന്നും അശോകൻ പറഞ്ഞു