മുരിയാട് ഗ്രാമപഞ്ചായത്ത് 'ആദരണീയം' അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അതിർത്തിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കാൻ വേണ്ടി 'ആദരണീയം' എന്ന പേരിൽ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. എം എസ് സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടിയ മുരിയാട് സ്വദേശിനി ക്രിസ്റ്റീനയ്ക്ക് അവാർഡ് നൽകിയാണ് ആദരിക്കൽ ചടങ്ങിന് തുടക്കം കുറിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ പഞ്ചായത്തിനെ നാല് മേഖലകളായി തിരിച്ചാണ് അവാർഡ് വിതരണം സംഘടിപ്പിക്കുന്നത്. ആനന്ദപുരം, പുല്ലൂർ, തൊറവങ്ങാട്, ഊരകം മേഖലകളിലായി അടുത്ത ദിവസങ്ങളിൽ അവാർഡ് ദാന ചടങ്ങ് നടത്തുന്നതിനാണ് തീരുമാനം. നാല് മേഖലകളിലായി ആകെ 270 ഓളം വിദ്യാർത്ഥികൾക്കാണ് ആദരണീയം അവാർഡ് വിതരണം ചെയ്യുന്നത്.
പാറേക്കാട്ടുകര മുരിയാട് എസ് സി ബി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ, തൃശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലതാ ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ യു വിജയൻ, രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻ വിനോദൻ, പഞ്ചായത്ത് അംഗങ്ങൾ ആയിട്ടുള്ള ശ്രീജിത്ത് പട്ടത്ത്, ജിനി സതീശൻ, എ എസ് സുനിൽകുമാർ, നിഖിത അനൂപ്, സെക്രട്ടറി പി പ്രജീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.