സംഗീത സംവിധായകൻ ബാപ്പി ലാഹിരി അന്തരിച്ചു
സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലാഹിരി (69) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലും എൺപതുകളിലും ബോളിവുഡിൽ ചലനങ്ങൾ സൃഷ്ടിച്ച ചൽത്തേ ചൽത്തേ, ഡിസ്കോ ഡാൻസർ, ഷറാബി തുടങ്ങി നിരവധി സിനിമകളിലെ ജനപ്രിയ ഗാനങ്ങൾ ബാപ്പി ലാഹിരിയുടേതായുണ്ട്.
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി സ്വദേശിയാണ്. അലോക്കേഷ് ലാഹിരി എന്നാണ് യഥാർഥ നാമം. 1985-ൽ ഷറാബിയിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. 2020-ൽ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ അവസാനത്തെ ബോളിവുഡ് ഗാനം.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ശ്രീരാംപൂരിൽ നിന്ന് ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.